യൂത്തുകോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പൊലീസ് മര്‍ദനത്തിന്റെ ധാരാളം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍, പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്തുന്നതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ റുബീന സക്കറിയ. പൊലീസ് ഭയപ്പെട്ടു തുടങ്ങി എന്നോർത്ത് അർമാദിക്കുന്നവരെ, നിങ്ങളുടെ പുറകിൽ പതിയിരുന്ന് കുറ്റം ചെയ്യുന്ന പലരും അമർത്തി ചിരിക്കുന്നുണ്ടെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പൊലീസുകാർ രാപ്പകൽ റോന്ത് ചുറ്റിയിട്ട് തന്നെയാണ് നമ്മുടെയൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകുന്ന സ്ത്രീകളും കുട്ടികളും മോന്തിക്ക് ‘വല്യ ‘പരിക്കേൽക്കാതെ വീട്ടിൽ തിരിച്ചെത്തുന്നത്. നമ്മുടെ ‘നാടിങ്ങനെ’ നിലനിൽക്കാൻ ആത്മവിശ്വാസമുള്ള പൊലീസ് വേണം. പൂജാരിയും പള്ളീലച്ചനും മുസ്ലിയാരും അധ്യാപകരും രാഷ്ട്രീയക്കാരും, എന്തിനധികം സ്വന്തം രക്ഷിതാക്കൾ വരെ മക്കളെ ബലാത്സംഗവും കൊലപാതകവും നടത്തുന്ന സമൂഹമാണിത്. ആ സമൂഹത്തില്‍ അപാകതകൾ ഉണ്ടാകാം. പൊലീസ് വീഴ്ചകൾക്ക് ന്യായീകരണവുമില്ല. എന്നാല്‍ ഈ സമൂഹത്തിന് പൊലീസിന്റെ ‘കാവൽ’ ആവശ്യമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു എന്ന വാചകത്തോടെയാണ് റുബീന സക്കറിയ്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
പോലീസ്
ഭയപ്പെട്ടു തുടങ്ങി
എന്നോർത്ത് അർമാദിക്കുന്നവരെ….
നിങ്ങളുടെ പുറകിൽ
പതിയിരുന്ന്
പലരും അമർത്തി ചിരിക്കുന്നുണ്ട്…..
തീവ്രവാദികൾ
കള്ളക്കടത്തുകാർ
രാജ്യദ്രോഹികൾ
മയക്കു മരുന്ന് മാഫിയക്കാർ
സാമൂഹ്യ വിരുദ്ധർ…..
സ്ത്രീ പീഡകർ…
പോലീസുകാർ
രാപ്പകൽ
റോന്ത് ചുറ്റിയിട്ട്
തന്നെയാണ്
നമ്മുടെയൊക്കെ
വീട്ടിൽ നിന്നും
പുറത്തിറങ്ങി പോകുന്ന
സ്ത്രീകളും
കുട്ടികളും മോന്തിക്ക്
‘വല്യ ‘പരിക്കേൽക്കാതെ വീട്ടിൽ തിരിച്ചെത്തുന്നത്….
മക്കളുടെയും,
ഭർത്താക്കന്മാരുടെയും
തല്ല് കൊണ്ട്
നിലവിളിച്ചോടി വരുന്ന
അമ്മമാർ
സ്ത്രീകൾ
വൃദ്ധർ
ട്രാൻസ്ജെന്‍ഡേർസ്
പീഡിപ്പിക്കപ്പെട്ടവർ
ആക്രമിക്കപ്പെട്ടവർ
ഈ നാട്ടിലെ സ്വാധീനവും പണവുമില്ലാത്തവർ……
സർവോപരി
നമ്മുടെ ‘നാടിങ്ങനെ’ നിലനിൽക്കാൻ….
ആത്മ വിശ്വാസമുള്ള
പോലീസ് വേണം……
ഓർക്കുക
പോലീസ് വരുന്നത്
നമ്മുടെ സമൂഹത്തിൽ നിന്നാണ്….
പൂജാരിയും
പള്ളീലച്ചനും
മുസ്ലിയാരും
അധ്യാപകരും
രാഷ്ട്രീയക്കാരും
എന്തിനധികം…
സ്വന്തം രക്ഷിതാക്കൾ വരെ
മക്കളെ ബലാത്സംഗവും കൊലപാതകവും നടത്തുന്ന സമൂഹത്തിൽ നിന്ന്……..
അപാകതകൾ ഉണ്ടാകാം..
വീഴ്ചകൾക്ക് ന്യായീകരണവുമില്ല….
ഈ സമൂഹത്തിന്
പോലീസിന്റെ
‘കാവൽ’
ആവശ്യമുണ്ടെന്ന് ഞങ്ങൾ
തിരിച്ചറിയുന്നു….
ഞങ്ങളുണ്ടാകും കൂടെ….
NB: നികുതി കൃത്യമായി നൽകിയിട്ട് തന്നെയാണ് പണിയെടുക്കുന്നതിന് ശമ്പളം വാങ്ങുന്നത്….




