Featured Oddly News

‘റോസ് ഡേ’ ആഘോഷം പണിയായി: മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ ദമ്പതികള്‍ നിയമക്കുരുക്കില്‍

ബിഹാറില്‍ റോസ് ഡേ ആഘോഷത്തിനിടെ ഭര്‍ത്താവിന് മദ്യം വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യുവതിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. വാലന്റൈന്‍സ് ഡേയോടനുബന്ധിച്ചുള്ള ‘റോസ് ഡേ’ ആഘോഷത്തിന്റെ ഭാഗമായി ഭര്‍ത്താവിന് മദ്യം നല്‍കുന്ന വീഡിയോ കഞ്ചന്‍ ദേവി എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചത്.

വീഡിയോയില്‍, കഞ്ചന്‍ ദേവി ഭര്‍ത്താവിന് ഒരു റോസാപ്പൂവ് നല്‍കിയ ശേഷം ഗ്ലാസില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നു. പിന്നീട് കുപ്പിയില്‍ നിന്ന് മദ്യം നേരിട്ട് കുടിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയിലുണ്ട്. ബിഹാര്‍ ഒരു ഡ്രൈ സ്റ്റേറ്റ് ആയതിനാല്‍, മദ്യം പ്രദര്‍ശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത നിയമലംഘനമാണ്. മുങ്കര്‍ എസ്എസ്പി അവധേഷ് കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം ദമ്പതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കുകയും ചെയ്തു.

വീഡിയോയില്‍ മദ്യത്തിന് പുറമെ ഒരു ലൈസന്‍സുള്ള തോക്കും (പിസ്റ്റള്‍) കാണിച്ചിരുന്നു. ലൈസന്‍സുള്ള തോക്ക് മറ്റൊരാള്‍ക്ക് കൈമാറുന്നതോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതോ നിയമവിരുദ്ധമായതിനാല്‍ തോക്കിന്റെ ഉടമയ്ക്കെതിരെയും പോലീസ് നടപടിയുണ്ടാകും. നിലവില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ നിയമനടപടികള്‍ ദമ്പതികള്‍ക്കെതിരെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *