Crime

‘റോളക്സ് വാച്ച്, ഐഫോൺ, കോടികളുടെ ഭൂമി’; വൈറല്‍ പോലീസുകാരി വീണ്ടും അറസ്റ്റിൽ

ഹെറോയിന്‍ കൈവശം വച്ചതിന് സര്‍വീസില്‍ നിന്നും പിരിച്ച വിട്ട സീനിയര്‍ പോലിസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കൗറിനെതിരെ പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം കേസെടുത്തിരിക്കുന്നത്.

2018 മുതല്‍ 2025 വരെ അമന്‍ദീപിന്റെ വരുമാനം 1,08,37,550 രൂപയാണെന്നും ചെലവ് 1,39,64,802.97 രൂപയാണെന്നും വിജിലന്‍സ് അറിയിച്ചു. ഇത് ഇവർ എങ്ങനെ സമ്പാദിച്ചുവെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. 31 ലക്ഷമാണ് അധികമായി ഇവര്‍ ചെലവാക്കിയത്. ഇതിന്റെ സ്രോതസ് കാണിക്കാന്‍ സാധിക്കാത്തതിനാലാണ് അറസ്റ്റ്.

കൗറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാവും കേസിൽ വിജിലൻസ് അന്വേഷണം നടത്തുക. വരുമാനത്തേക്കാളും വലിയ സമ്പാദ്യം കൗർ സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തെ ഏപ്രിലിൽ 17.71 ഗ്രാം ഹെറോയിൻ കൈവശംവെച്ചതിനാണ് ആന്റി നാർ​ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് കൗറിനെ അറസ്റ്റ് ചെയ്ത്. മെയ് രണ്ടിന് ഇവർ ജാമ്യത്തിലിറങ്ങുകയായിരുന്നു.പഞ്ചാബ് പൊലീസ് കൗറിന്റെ ഉടമസ്ഥതയിലുള്ള 1.35 കോടിയുടെ സ്വത്തുക്കൾ നിലവിൽ ഫ്രീസ് ചെയ്തിട്ടുണ്ട്. ഭൂമിയും മഹീന്ദ്ര താറും വാച്ചുമെല്ലാം ഫ്രീസ് ചെയ്ത സ്വത്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. എൻ.ഡി.പി.എസ് ആക്ട് വഴിയാണ് സ്വത്തുക്കൾ ഫ്രീസ് ചെയ്തത്.