Celebrity

ഇന്ത്യന്‍താരം റിങ്കുസിംഗ് വിവാഹിതനാകുന്നു; സമാജ്‌വാദി പാര്‍ട്ടി എംപി പ്രിയ സരോജ വധു

ഐപിഎല്ലില്‍ ആരാധകരുടെ പ്രിയതാരമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്വാദി പാര്‍ട്ടി (എസ്പി) എംപി പ്രിയ സരോജാണ് വധു. ജൂണ്‍ 8 ഞായറാഴ്ച ഇവര്‍ വിവാഹനിശ്ചയം നടത്തുമെന്നാണ് വിവരം. ലക്‌നൗവിലെ ഒരു ഹോട്ടലിലാണ് മോതിരമാറ്റ ചടങ്ങ് നടക്കുക. ജനുവരിയിലാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹതീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്.

അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിങ്കുസിംഗ് കളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്‌ളേ ഓഫ് യോഗ്യത നേടാനായിരുന്നില്ല. 13 കളികളില്‍ നിന്ന് 29.42 ശരാശരിയില്‍ 206 റണ്‍സും 153.73 സ്ട്രൈക്ക് റേറ്റും 153.73 ആണ് റിങ്കു നേടിയത്. 14 മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച നൈറ്റ് റൈഡേഴ്സ് 12 പോയിന്റും നെറ്റ് റണ്‍റേറ്റ് -0.305യുമായി പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തി. ഒരു പരസ്പര സുഹൃത്ത് മുഖേനയാണ് പ്രിയയും റിങ്കുസിംഗും പരിചയപ്പെട്ടത്.

മുന്‍ സുപ്രീം കോടതി അഭിഭാഷകയായ പ്രിയ 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. ജനുവരിയില്‍, കേരക്കാട്ടില്‍ നിന്നുള്ള എസ്പി എംഎല്‍എയും പ്രിയ സരോജിന്റെ പിതാവുമായ തുഫാനി സരോജ്, അലിഗഡിലുള്ള റിങ്കു സിങ്ങിന്റെ പിതാവുമായി വിവാഹകാര്യം സംസാരിച്ചിരുന്നു.

‘റിങ്കുവും പ്രിയയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അറിയാം. ഇരുവരും പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ഈ ബന്ധത്തിന് വീട്ടുകാരുടെ സമ്മതം ആവശ്യമായിരുന്നു. ഈ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളി,’ അദ്ദേഹം പറഞ്ഞു. വാരണാസി യിലെ കാര്‍ഖിയോണ്‍ ഗ്രാമത്തില്‍ നിന്നുള്ള പ്രിയ സരോജ് വര്‍ഷങ്ങളായി സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി) സജീവമായി ഇടപെട്ടിട്ടുണ്ട്. 2024-ല്‍ ജൗന്‍പൂര്‍ ജില്ലയിലെ മച്ലിഷ ഹര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് അവര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *