Crime

സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണം

യു.എസിലെ നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സഭാംഗം നാന്‍സി മേസ് നാടകീയമായി തന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചു. മുന്‍ പ്രതിശ്രുത വരന്‍ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തിയതാണു ചിത്രമെന്ന് അവര്‍ അവകാശപ്പെട്ടു.

വീഡിയോ വോയൂറിസത്തിനെതിരേയുള്ള ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച നാന്‍സി മോസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സെഷനിലാണ് ഇങ്ങനെ ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് കരോലിനയില്‍നിന്നുള്ള വനിതാപ്രതിനിധിയായ നാന്‍സി വിഷയത്തില്‍ ശക്തമായ നിലപാടാണെടുത്തത്. സ്വാതന്ത്ര്യം ഒരു സിദ്ധാന്തമല്ലെന്നു പറഞ്ഞ അവര്‍ ആരുടെയെങ്കിലും ക്യാമറ നിങ്ങളുടെ നഗ്നശരീരം പകര്‍ത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തി ഉറങ്ങാനുള്ള അവകാശമാണിതെന്നും അഭിപ്രായപ്പെട്ടു. നിയമസഭാംഗമെന്ന നിലയില്‍ മാത്രമല്ല, അതിജീവിതയെന്ന നിലയിലാണു താന്‍ സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഇരിപ്പിടത്തിനു പിന്നിലായി പോസ്റ്റര്‍ വലിപ്പത്തിലുള്ള ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് നാന്‍സി മേസ് പ്രദര്‍ശിപ്പിച്ചത്. വീട്ടിലെ സ്വകാര്യ ക്യാമറ തന്റെ അറിവില്ലാതെ റെക്കോഡുചെയ്ത നഗ്‌നചിത്രമാണിതെന്ന് അവര്‍ പറഞ്ഞു. സ്വന്തം ശരീരമാണെന്ന് അവര്‍ അവകാശപ്പെട്ടതിനെ അടയാളപ്പെടുത്തുന്ന ഒരു മഞ്ഞവൃത്തം ചിത്രത്തിലുണ്ടായിരുന്നു.

മുന്‍ കാമുകന്‍ പാട്രിക് ബ്രയാന്റിനെതിരേയാണ് നാന്‍സി ആരോപണം ഉയര്‍ത്തുന്നത്. ഇയാള്‍ രഹസ്യ ചിത്രീകരണം നടത്തിയെന്നു മാത്രമല്ല, ബലാത്സംഗംഉള്‍പ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തതായും നാന്‍സി പറഞ്ഞു.

എന്നാല്‍ ഇവരുടെ ആരോപണങ്ങളെ പാട്രിക് ബ്രയാന്റ് ശക്തമായി നിഷേധിച്ചു. ‘ഞാന്‍ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. ഞാന്‍ രഹസ്യ ക്യാമറകള്‍ ഒളിപ്പിച്ചിട്ടില്ല. ഈ ആരോപണങ്ങള്‍ ദുരുദ്ദേശ്യപരവും വ്യക്തിപരവുമാണ്’ പാട്രിക് ബ്രയന്റ പറഞ്ഞു.

യുഎസ് ഭരണഘടനയുടെ ‘സ്പീച്ച് ആന്‍ഡ് ഡിബേറ്റ്’ വകുപ്പ് പ്രകാരം, ഔദ്യോഗിക പദവിയില്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ജനപ്രതിനിധികള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും, അത് ഉപയോഗിച്ചാണ് മെയ്സ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആരോപണങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം പാട്രിക് ബ്രയന്റിനെതിരെ ഇതാദ്യമായിട്ടല്ല നാന്‍സി മേസ് ആരോപണങ്ങളുന്നയിക്കുന്നത്.

സൗത്ത് കരോലിന സംസ്ഥാനത്തെ നിയമവിഭാഗം അധികൃതര്‍ നാന്‍സി മേസിന്റെ അവകാശവാദങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികാരികളുമായി പൂര്‍ണമായും സഹകരിക്കുന്നതായി ബ്രയാന്റും പറഞ്ഞു.