Celebrity

‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്‍ക്കെതിരെ രേണുക ദേശായി

നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്.

പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ പോലെ ഒരാളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വില തിരിച്ചറിയുന്നുണ്ടാവും. കുട്ടികള്‍ പവന്‍ കല്യാണിനൊപ്പമായത് നന്നായി’ എന്നായിരുന്നു കമന്റ്.

‘നിങ്ങള്‍ക്ക് അല്‍പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഇത്രയും വിഡ്ഢിത്തരം പറയില്ല. അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചത്. ദയവായി ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഇത് എന്നെ മാത്രമാണ് വിഷമിപ്പിക്കുന്നത്,’എന്നായിരുന്നു രേണുകയുടെ മറുപടി.

രേണുകയും പവന്‍ കല്യാണും തമ്മിലുള്ള വിവാഹം 2012 ലായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് പവന്‍ അന്ന ലെഷ്‌നവയെ വിവാഹം ചെയ്തിരുന്നു.