Lifestyle

കാനഡയിലേക്ക് വരേണ്ടിയിരുന്നില്ല, വെറും തട്ടിപ്പാണ്: ഇന്ത്യയില്‍ തന്നെ നില്‍ക്കൂ എന്ന് യുവാവ്

ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകളും ഇന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം മിക്കവരും ‘മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള’ ആത്യന്തിക പാതയായിട്ടാണ് വിദേശ രാജ്യങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയ ഒരു ഡല്‍ഹിക്കാരന്‍ പങ്കുവച്ച തന്റെ അനുഭവം ഇന്ത്യക്കാരുടെ ഈ ചിന്താഗതികളെല്ലാം മാറ്റിക്കുറിക്കുകയാണ്.

റെഡ്ഡിറ്റിലൂടെയാണ് യുവാവ് കാനഡയിലെ തന്റെ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. വിദേശ വിദ്യാര്‍ത്ഥികളെ പണം സമ്പാദിക്കാനുള്ള ഒരു ബിസിനസായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ജോലി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതൊന്നും ജീവിതത്തില്‍ നമുക്ക് കിട്ടുകപോലുമില്ലെന്നുമാണ് യുവാവ് പറയുന്നത്.

തന്റെ പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതി ‘എല്ലാ ദിവസവും, ഇന്ത്യയിലെ ആളുകള്‍ വിദേശത്തേക്ക് മാറാന്‍ സ്വപ്നം കാണുകയാണ്, അവിടെ മികച്ച അവസരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവം അതല്ല. കാരണം ഞാന്‍ കാനഡയിലാണ് താമസിക്കുന്നത്. ഇവിടം പുറമേ കാണുന്നതുപോലെയല്ല. ഇവിടുത്തെ സര്‍ക്കാരും കോളേജുകളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഒരു ബിസിനസ്സാക്കി മാറ്റുകയാണ്, നിങ്ങള്‍ ഇവിടെ വന്നുകഴിയുമ്പോഴെ നിങ്ങള്‍ തട്ടിപ്പിനിരയായി എന്ന് നിങ്ങള്‍ മനസ്സിലാകുകയുള്ളു’.

ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയെയും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുന്നതിനെക്കുറിച്ചും പങ്കുവച്ച അദ്ദേഹം ഇന്ത്യ വിട്ട് ഇവിടേക്കെത്തുന്ന കാര്യം ഒരിക്കല്‍ കൂടി പുനപരിശോധിക്കണമെന്ന് ഓര്‍പ്പിക്കുകയാണ്.

‘ഇന്ത്യ വളരുകയും, അവസരങ്ങള്‍ മെച്ചപ്പെട്ടുക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. നിങ്ങള്‍ സമര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ മാനസികാരോഗ്യം, കുടുംബം, അന്തസ്സ് എന്നിവ നഷ്ടപ്പെടുത്താതെ നിങ്ങള്‍ക്ക് ഒരു മികച്ച ജീവിതം ഇന്ത്യയില്‍ കെട്ടിപ്പടുക്കാന്‍ കഴിയും. പാശ്ചാത്യലോകം നിങ്ങള്‍ക്ക് ഒരു മിഥ്യാധാരണയാണ് നല്‍കുന്നത്. എന്നാല്‍ നിങ്ങള്‍ ഇവിടെ എത്തിക്കഴിഞ്ഞാലേ പറ്റിക്കപ്പെട്ടതിനെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാകുകയുള്ളു. ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ ശ്രമിക്കുക. ഇവിടുത്തെ കെണിയില്‍ വീഴരുത്, സ്വന്തമായി ഇന്‍വസ്റ്റ് ചെയ്ത് ഇന്ത്യയില്‍ തന്നെ അര്‍ത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുക’ യുവാവ് കുറിച്ചു.

യുവാവിന്റെ വൈറലായ പോസ്റ്റ് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ചില ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തോട് യോജിച്ചു രംഗത്തെത്തി. ചിലര്‍ കുടിയേറ്റത്തോടുള്ള സ്വന്തം പോരാട്ടങ്ങള്‍ പങ്കുവെച്ചു, മറ്റുള്ളവര്‍ വിദേശത്തേക്ക് മാറുന്നതിനെ ശക്തമായി പ്രതിരോധിച്ചു, പാശ്ചാത്യ രാജ്യങ്ങളിലെ ജീവിത നിലവാരവും സാമൂഹിക നേട്ടങ്ങളും തൊഴില്‍ സംസ്‌കാരവും ഇപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പലരും വാദിച്ചു.
ഒരു ഉപയോക്താവ് എഴുതി, ‘നിങ്ങള്‍ക്ക് ഒരു ജോലിയുണ്ടെങ്കില്‍ പാശ്ചാത്യ നാടുകള്‍ ജീവിക്കാന്‍ സുഖപ്രദമാണ്. കാരണം ജോലി വിസയില്‍ പോകുമ്പോള്‍, ഒരു കമ്പനി നിങ്ങള്‍ക്ക് ശമ്പളം നല്‍കും. എന്നാല്‍ ലക്ഷക്കണക്കിന് കടവും ഒരു ചെറിയ ജോലിയുമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ഇവിടെ വന്നാല്‍ പെട്ടുപോകും.

മറ്റൊരു ഉപഭോക്താവ് ‘ഞാന്‍ ടൊറന്റോയിലാണ് താമസിക്കുന്നത്. ഞാന്‍ നിങ്ങളോട് 100% യോജിക്കുന്നു, ഇവിടെ താമസിക്കുന്നത് വിലമതിക്കുന്നില്ല – അതിപ്പോള്‍ നിങ്ങള്‍ക്ക് പിആര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും’ എന്നാണ് കുറിച്ചത്. ‘ഞാന്‍ ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്, ഞാന്‍ പഠിച്ച എല്ലാ കാര്യങ്ങളുമായി തിരികെ പോകാനുള്ള ആവേശത്തിലാണ്, എന്റെ കോഴ്സ് അവസാനിക്കുന്നതിന് മുമ്പ് ഞാന്‍ ഇത് മനസ്സിലാക്കി, അതിനാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് എനിക്ക് എന്നെത്തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു’ എന്നാണ് ഒരാള്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *