Sports

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും

കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്.

ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും നേടിയിരുന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ ജഡേജ ഇതുവരെ 200 വിക്കറ്റുകളും 2578 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ജഡേജയെ കൂടാതെ അനില്‍ കുംബ്ലെ (337), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (282), ഹര്‍ഭജന്‍ സിങ് (269), കപില്‍ ദേവ് (251) എന്നിവരാണ് 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍മാര്‍.

ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യത നേടിയ ഇന്ത്യ ഞായറാഴ്ച കൊളംബോയില്‍ ശ്രീലങ്കയെ നേരിടും. ഏഷ്യാ കപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് ജഡേജ നേടിയത്. ഇന്ത്യ ഫൈനല്‍ ഉറപ്പിക്കുകയും ബംഗ്‌ളാദേശ് പുറത്താകുകയും ചെയ്ത മത്സരത്തില്‍ റെക്കോഡിന് മാത്രമാണ് കളി.