Crime

അഞ്ചുവയസുമുതല്‍ പീഡനം: ഇരയുടെ ഉറ്റബന്ധുവിന്‌ ട്രിപ്പിള്‍ ജീവപര്യന്തം, മൂന്നുലക്ഷം രൂപ പിഴ

തൊടുപുഴ: ബാലികയായ ഉറ്റബന്ധുവിനെ പീഡനത്തിരയാക്കിയാള്‍ക്കു മൂന്നു ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ്‌ അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്‌ജി വി. മഞ്‌ജുവാണ്‌ വിധി പ്രസ്‌താവിച്ചത്‌. പിഴത്തുക കുട്ടിക്കു കൈമാറണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുവര്‍ഷം അധികതടവ്‌ അനുഭവിക്കണം. കുട്ടിക്കു മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്‌തു.

അഞ്ചുവയസുമുതല്‍ തുടങ്ങിയ ലൈംഗികപീഡനം 2020 ല്‍ കുട്ടിക്ക്‌ എട്ടു വയസുള്ളപ്പോഴാണ്‌ പുറത്തറിയുന്നത്‌. സ്‌ഥിരമായുള്ള വയറുവേദനയ്‌ക്കു കാരണം ഇയാളുടെ ചെയ്‌തികളാണോയെന്ന്‌ അമ്മയോടു കുട്ടി സംശയം പ്രകടിപ്പിച്ചത്‌ വഴിത്തിരിവായി. കൗണ്‍സിലിങ്ങില്‍ പീഡനവിവരം വ്യക്‌തമായതോടെ ഇയാള്‍ക്കെതിരേ കരിമണ്ണൂര്‍ പോലീസ്‌ കേസെടുത്തു. പ്രതിയും കുടുംബവും വാടകയ്‌ക്ക് താമസിച്ചിരുന്ന രണ്ട്‌ വീടുകളില്‍വച്ചു പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി.

മൊഴി പറയാന്‍ വന്ന ദിവസം കുട്ടിയുടെ അമ്മ കോടതിയില്‍ ബോധരഹിതയായി വീണ സാഹചര്യവും ഉണ്ടായി. കരിമണ്ണൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന പി.ടി. ബിജോയ്‌ അന്വേഷിച്ച കേസില്‍ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ പി.കെ. ആശ പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ്‌ കണ്ടത്തിങ്കരയില്‍ ഹാജരായി.