Crime

കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്.

തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ കൂനയില്‍ നിന്നും കണ്ടെത്തി.

കുറ്റകൃത്യം സമ്മതിച്ച ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. 21 കാരി ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളെ കാണുന്നതില്‍ നിന്നും പെണ്‍കുട്ടിയുടെ പിതാവും സഹോദരനും യുവതിയെ വിലക്കിയതിലുള്ള ദേഷ്യത്തിലായിരുന്നു കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത് കുടുംബത്തിന് വിട്ടുകൊടുത്തിട്ടുണ്ട്.