Sports

സഞ്ജു ഇനി ‘തല’യ്ക്കൊപ്പം, ചെന്നൈ സൂപ്പർ കിങ്സിലെത്തുമെന്ന് ഉറപ്പിച്ചു; ജഡേജ രാജസ്‌ഥാനിലേക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിനു കളമൊരുങ്ങി. രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്‌ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കും അവിടെനിന്ന്‌ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവരെ തിരിച്ചും കൈമാറുന്നതാണു പുതിയ നീക്കം.

മൂന്ന്‌ താരങ്ങളും കൈമാറ്റത്തിനു സമ്മതം മൂളിയെന്ന്‌ ഇ.എസ്‌.പി.എന്‍. ക്രിക്‌ഇന്‍ഫോയാണു പുറത്തുവിട്ടത്‌. ചെന്നൈയും രാജസ്‌ഥാനും താര കൈമാറ്റത്തിന്‌ ഐ.പി.എല്‍. സംഘാടക സമിതിക്ക്‌ അപേക്ഷ നല്‍കിയതായും സൂചനയുണ്ട്‌. താരങ്ങളുടെ എഴുതി നല്‍കിയ സമ്മത പത്രമുണ്ടെങ്കില്‍ കൈമാറ്റം നടത്താമെന്നാണു വ്യവസ്‌ഥ.

രാജസ്‌ഥാന്‍ റോയല്‍സിനായി 11 സീസണ്‍ കളിച്ച താരമാണു വിക്കറ്റ്‌ കീപ്പര്‍ കൂടിയായ സഞ്‌ജു സാംസണ്‍. കുറച്ചു നാള്‍ ടീമിന്റെ നായകനുമായി. 2012 മുതല്‍ സി.എസ്‌.കെയുടെ ഭാഗമാണ്‌ രവീന്ദ്ര ജഡേജ. സൂപ്പര്‍ കിങ്‌സ് വിലക്ക്‌ നേരിട്ട 2016, 2017 സീസണുകളിലാണു കളിക്കാനാകാതിരുന്നത്‌. കഴിഞ്ഞ സീസണിനു ശേഷം സഞ്‌ജു രാജസ്‌ഥാന്‍ വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ജഡേജയെ കഴിഞ്ഞ മെഗാ താര ലേലത്തില്‍ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിരുന്നു. 18 കോടി രൂപയാണു താരത്തിന്റെ അടിസ്‌ഥാന വില. 2023 സീസണില്‍ സൂപ്പര്‍ കിങ്‌സിനെ ജേതാക്കളാക്കിയതു ജഡേജയുടെ ഓള്‍റൗണ്ട്‌ മികവാണ്‌. ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ നടന്ന ഫൈനലിന്റെ അവസാന ഓവറില്‍ ജഡേജയാണു വിജയ റണ്ണെടുത്തത്‌.

ഇന്ത്യന്‍ താരം ആകെ 254 ഐ.പി.എല്‍. മത്സരങ്ങള്‍ കളിച്ചു. 143 വിക്കറ്റെടുക്കാനുമായി. 4027 റണ്ണെടുത്ത സഞ്‌ജു രാജസ്‌ഥാന്റെ ടോപ്‌ സ്‌കോററാണ്‌. ഏറ്റവും കൂടുതല്‍ 50 കള്‍ (25), ക്യാച്ചുകള്‍ (149) എന്നിവയും സഞ്‌ജുവിന്റെ പേരിലാണ്‌.
2019 ല്‍ പഞ്ചാബ്‌ കിങ്‌സിനൊപ്പമാണു കുറാന്‍ ഐ.പി.എല്‍. കരിയര്‍ തുടങ്ങിയത്‌. 2023 ല്‍ വീണ്ടും പഞ്ചാബിനായി കളിച്ചു. 2024 സീസണില്‍ ലീഗിലെ ഏറ്റവും വിലപിടിച്ച താരമായി (18.5 കോടി രൂപ). സൂപ്പര്‍ കിങ്‌സായി 2020, 21 സീസണുകളിലും കളിച്ചു. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ 2.4 കോടി രൂപ മുടക്കിയാണു സൂപ്പര്‍ കിങ്‌സ് കുറാനെ സ്വന്തമാക്കിയത്‌.