Crime

‘ബന്ധം ഉഭയസമ്മതപ്രകാരം, ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ’; നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി.

ദീർഘകാലത്തെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകൾ കോടതി പരിശോധിച്ചു. വിവാഹിതയും പക്വമതിയുമായ പരാതിക്കാരി പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് അയാൾക്കൊപ്പം താമസിക്കാൻ പോകുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.

ഏതെങ്കിലും വിധത്തിലുള്ള നിർബന്ധമോ ബലപ്രയോഗമോ നടന്നതായി കാണുന്നില്ല. ഇവയെല്ലാം പരിഗണിക്കുമ്പോൾ, 22-4-2025-നും പിന്നീട് 2025 മേയ് അവസാനവും നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിബന്ധമാകാനാണ് സാധ്യതയെന്നും കോടതി വിലയിരുത്തി. കേസിലെ രണ്ടാംപ്രതി നൽകിയ ഗുളികകൾ കഴിച്ചാണ് പരാതിക്കാരി ഗർഭച്ഛിദ്രം നടത്തിയതെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. രാഹുലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഗുളികകൾ കഴിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം. ഗർഭം തുടരുന്നതിന് രാഹുൽ സന്നദ്ധനായിരുന്നില്ലെന്നും ഗർഭച്ഛിദ്രത്തിന് വിധേയ ആകണമെന്ന് പരാതിക്കാരിയെ രാഹുൽ നിർബന്ധിച്ചിരുന്നെന്നും ഇരുവരും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണ്.

ഗർഭച്ഛിദ്രം നടന്നത് പരാതിക്കാരിയുടെ കൂടെ സമ്മതത്തോടെയാണെന്നാണ് കോടതിയുടെ നിരീക്ഷണം. രാഹുലിന്റെ നിർബന്ധമുണ്ടായിരുന്നു എന്ന് പരാതിക്കാരി വാദിക്കുന്നുണ്ടെങ്കിലും, ചാറ്റുകൾ പരിശോധിക്കുമ്പോൾ യുവതി സ്വമേധയാ മരുന്ന് ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തതായി കാണുന്നു. നിർബന്ധത്തിന് വഴങ്ങിയാണോ മരുന്ന് കഴിച്ചതെന്ന കാര്യം വിചാരണയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരി ഉള്ള സ്ഥലം പറഞ്ഞുകൊടുക്കുകയും രണ്ടാംപ്രതിയിൽനിന്ന് മരുന്ന് സ്വീകരിക്കുകയുംചെയ്തു. പരാതിക്കാരി സ്വമേധയാ മരുന്നു കഴിച്ചുവെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസിലെ 89-ാം വകുപ്പ് ചുമത്തണമെങ്കിൽ കൃത്യം നടന്നത് സ്ത്രീയുടെ സമ്മതം ഇല്ലാതെ ആയിരിക്കണം. നിർബന്ധത്തിലൂടെ ആയിരുന്നോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *