പാലക്കാട്:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പോലീസിന് പരാതി നൽകിയത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച പോലീസ് ടീമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.
രാഹുലിനെതിരെയുള്ള ആദ്യ കേസിൽ വിവാഹിതയായ യുവതി ഗർഭഛിദ്രം നടത്തിയതിന് തെളിവ് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍ ഈ കേസില്‍ ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ നിർണായക തെളിവായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ, ഫോൺ കോൾ വിവരങ്ങൾ, ചാറ്റുകൾ, താമസിച്ച മുറി എല്ലാം മൊഴി പ്രകാരം സത്യമാണെന്ന് പൊലീസ് അന്വേണത്തിൽ വ്യക്തമായി. രാഹുലിനെ പഴുതടച്ച് പൂട്ടാനായി, വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, ഒരൊറ്റ വിവരവും പുറത്തേക്ക് പോകാതെ സൂക്ഷിച്ചു.
മുൻ കേസിൽ രാഹുലിന് പൊലീസിൽ നിന്ന് തന്നെ വിവരം ചോർന്നുകിട്ടിയെന്ന സംശയമുണ്ടായിരുന്നതിനാൽ പുതിയ കേസിൻ്റെ അന്വേഷണ സംഘത്തെ രൂപീകരിച്ചതും ഉയർന്ന ജാഗ്രതയോടെയാണ്. രാത്രി ഹോട്ടലിനുള്ളിൽ അനുയായികളാരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രണ്ട് വാഹനങ്ങളിലായെത്തിയ എട്ട് പൊലീസുകാർ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസ്യഭ്യവും ഭീഷണിയുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. കുഞ്ഞിന്‍റെ പിതൃത്വവും രാഹുല്‍ നിഷേധിച്ചതായും യുവതി പറയുന്നു. ഇതില്‍ മനംനൊന്താണ് താന്‍ ഡിഎൻഎ പരിശോധനയ്ക്ക് പോയതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി രാഹുലിന്‍റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായതായും പരാതിയിലുണ്ട്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് രാഹുലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നതെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ താനുമായി പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. ഇവയ്ക്കെല്ലാം പുറമെയാണ് സാമ്പത്തികമായും രാഹുല്‍ തന്നെ ചൂഷണം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.
പുതിയ കേസിലെ പരാതിക്കാരി, ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ചുവെച്ചെന്നത് കേസിൽ പ്രധാനമാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഡിഎൻഎ ശേഖരിച്ച് പരിശോധിക്കാനായാൽ ഇതിൻ്റെ സത്യാവസ്ഥ പൂർണമായും പുറത്തുവരും. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം പുലർത്തിയത്. എന്നാൽ പിന്നീട് ബന്ധം രാഹുൽ ഉപേക്ഷിച്ചു. ഫോണിൽ ബ്ലോക്ക് ചെയ്തു, വാങ്ങിയ പണം തിരിച്ച് നൽകിയില്ല. പിന്നീട് ഇദ്ദേഹം പാലക്കാട് എംഎൽഎയായി. ഈ ഘട്ടത്തിൽ യുവതിയെ പാലക്കാടേക്ക് വിളിച്ചു. ഫ്ലാറ്റ് എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ബന്ധം രാഹുൽ വീണ്ടും ഉപേക്ഷിച്ചു. വിളിച്ചാൽ ഫോണെടുക്കാത്ത സ്ഥിതിയായി. ഈ കേസിലും ഫെനി നൈനാൻ്റെ പേര് പരാതിക്കാരി പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.




