കൊച്ചി: സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ആദ്യം പ്രതിയെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്ന നിയമപരമായ നടപടിക്രമം രാഹുല്‍ ഈശ്വറിന് നിഷേധിക്കപ്പെട്ടതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി.
പാലക്കാട് എം.എല്‍.എ: രാഹുല്‍ മാങ്കൂട്ടം പ്രതിയായ കേസിലെ വാദിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ രണ്ടാംഘട്ട പോലീസ് കസ്റ്റഡി അടക്കമുള്ള നടപടികള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെയെന്നും പരാതി ഉയര്‍ന്നു.
രാഹുല്‍ ഈശ്വറിനെതിരേ നിരവധി ആക്ഷേപങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ നിയമപരമായി പരിശോധിച്ചാല്‍ ഗുരുതര കുറ്റകൃത്യ വകുപ്പില്‍ ഉള്‍പ്പെടുന്നവയല്ല. രാഹുല്‍ മാങ്കൂട്ടവുമായി ആസൂത്രണം നടത്തി കേസിലെ വാദിയെ അപമാനിക്കാന്‍ ശ്രമിച്ചതായി തെളിവില്ല.
ഇത്തരം കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങാണു പരാതി നല്‍കിയത്. സ്ത്രീകള്‍ നല്‍കുന്ന ലൈംഗിക പീഡന പരാതികള്‍ക്ക് പിന്നില്‍ സംശയിക്കത്തക്ക ദുരുദ്ദേശ്യമുണ്ടെന്നും ഇതിനാല്‍ പുരുഷ വിഭാഗത്തിന് പോലീസിന്റെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുകളു ണ്ടാകുന്നതായും ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള ആക്ഷേപമാണ് സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ ഈശ്വര്‍ ഉന്നയിച്ചത്.
കസ്റ്റഡി നീളുന്നതും രണ്ടാംഘട്ട അനാവശ്യ പോലീസ് കസ്റ്റഡിയും രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ റിമാന്‍ഡ് നീളുന്നതടക്കമുള്ള ചില നടപടിക്രമങ്ങളില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ പരിശോധന ആവശ്യമെന്ന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.




