Featured Sports

ക്വിന്റണ്‍ ഡികോക്കിന്റെ മാരക പ്രഹരം, 46 പന്തില്‍ 90 റണ്‍സ്; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂ ചണ്ഡിഗഡ്‌: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ്‌ ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്‌.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ മാരക പ്രഹരമാണ്‌ ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്‌. ഈ പ്രകടനം താരത്തെ കളിയിലെ കേമനുമാക്കി. പരമ്പരയില്‍ ആദ്യമായി കളിച്ച ഒട്‌നെയില്‍ ബാര്‍ട്ട്‌മാന്റെ തകര്‍പ്പന്‍ ബൗളിങ്ങുമായി ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടി.

നാലോവറില്‍ 24 റണ്‍ മാത്രം വഴങ്ങി നാല്‌ വിക്കറ്റുകള്‍ പിഴുത്‌ താരം ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായി. 34 പന്തില്‍ അഞ്ചുസിക്‌സും രണ്ടു ഫോറും ഉള്‍പ്പെടെ 62 റണ്ണടിച്ച തിലക്‌ വര്‍മയൊഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മലയാളിതാരം സഞ്‌ജു സാംസണു പകരം ഓപ്പണറായി ടീമില്‍ ഇടംപിടിച്ച വൈസ്‌ ക്യാപ്‌റ്റന്‍ ശുഭ്‌മാന്‍ ഗില്‍ നേരിട്ട ആദ്യപന്തില്‍ത്തന്നെ സംപൂജ്യനായി കൂടാരം കയറി ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ ദുരന്തമായി. നായകന്‍ സൂര്യകുമാര്‍ യാദവിന്റെ സംഭാവന അഞ്ചു റണ്‍ മാത്രമായിരുന്നു.

വിജയിക്കാന്‍ റണ്‍മല മുന്നിലുണ്ടായിരുന്ന ഇന്ത്യ ഒരുഘട്ടത്തില്‍പ്പോലും ലക്ഷ്യത്തിലെത്തുമെന്ന പ്രതീതി ജനിപ്പിച്ചില്ല. ലുന്‍ഗി എന്‍ഗിഡി എറിഞ്ഞ ആദ്യഓവറിലെ ആദ്യ പന്തില്‍ രണ്ടും മൂന്നാം പന്തില്‍ സിക്‌സും അടുത്ത പന്തില്‍ ഒരു റണ്ണും നേടി അഭിഷേക്‌ ശര്‍മ പതിവുപോലെ വെടിക്കെട്ടിനു തിരികൊളുത്തി. എന്നാല്‍ അഞ്ചാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായി ഗില്‍ പുറത്ത്‌. എഡ്‌ജ് ചെയ്‌ത പന്തില്‍ റീസ ഹെന്‍ട്രിക്‌സ് പിടികൂടിയായിരുന്നു വൈസ്‌ ക്യാപ്‌റ്റന്റെ മടക്കം. പക്ഷേ, അടുത്ത ഓവര്‍ എറിഞ്ഞ മാര്‍ക്കോ യാന്‍സന്റെ ആദ്യ പന്ത്‌ സിക്‌സിനു പറത്തി ശര്‍മ വീണ്ടും പ്രതീക്ഷ നല്‍കി. പക്ഷേ, ഓവറിലെ അവസാനപന്തില്‍ ശര്‍മയെ ഡികോക്കിന്റെ കൈകളിലെത്തിച്ച്‌ യാന്‍സന്‍ തിരിച്ചടിച്ചു. യാന്‍സന്റെ അടുത്ത ഓവറില്‍ ഫോറടിച്ച്‌ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ്‌ തുടങ്ങിയെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ ശര്‍മയുടെ പുറത്താകലിനു സമാനമായി ക്യാപ്‌റ്റനും വീണു. ഇതോടെ 3.5 ഓവറില്‍ ഇന്ത്യ മൂന്നു വിക്കറ്റിന്‌ 32 റണ്ണെന്ന നിലയിലേക്കു വഴുതി.

പിന്നീട്‌ തിലക്‌ വര്‍മയും സ്‌ഥാനക്കയറ്റം കിട്ടിയെത്തിയ അക്‌സര്‍ പട്ടേലും ചേര്‍ന്ന്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. പക്ഷേ, ടീം സ്‌കോര്‍ 67-ല്‍ എത്തിയപ്പോള്‍ അക്‌സര്‍ പട്ടേലിനെ പുറത്താക്കി ബാര്‍ട്ട്‌മാന്‍ കൂട്ടുകെട്ട്‌ പൊളിച്ചു. 21 പന്തില്‍ 21 റണ്ണായിരുന്നു അക്‌സറിന്റെ സംഭാവന. കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ്‌ ഹീറോ ഹാര്‍ദിക്‌ പാണ്ഡ്യയുമൊത്ത്‌ തിലക്‌ വര്‍മ രക്ഷാദൗത്യം സജീവമാക്കി. എന്നാല്‍, 23 പന്തില്‍ 20 റണ്ണടിച്ച പാണ്ഡ്യയെ സിപാംല പുറത്താക്കി. ബ്രെവിസ്‌ ക്യാച്ചെടുത്തു.
സഞ്‌ജു സാംസണിന്റെ സ്‌ഥാനത്ത്‌ വിക്കറ്റ്‌ കീപ്പറായെത്തിയ ജിതേഷ്‌ ശര്‍മയുടേതായിരുന്നു അടുത്ത ഊഴം.

തോല്‍വി മുന്നില്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിന്‌ പരമാവധി അടുത്തെത്തിക്കാനായി ശര്‍മ വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുത്തു. 17 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും പറത്തി 27 റണ്‍ നേടിയ താരത്തെ സിപാംല തന്നെ മടക്കി. പിന്നീടെല്ലാം ചടങ്ങു മാത്രമായിരുന്നൂ. ശിവം ദുബെ (ഒന്ന്‌), അര്‍ഷ്‌ദീപ്‌ സിങ്‌ (നാല്‌), വരുണ്‍ ചക്രവര്‍ത്തി (പൂജ്യം) എന്നിവര്‍ വന്നതും പോയതും ഒരുമിച്ചു കഴിഞ്ഞു. ഇതിനിടയില്‍ തിലക്‌ വര്‍മ അര്‍ധസെഞ്ചുറി തികച്ചതു മാത്രം ഇന്ത്യക്ക്‌ ആശ്വാസമായി. ഒടുവില്‍ 20-ാം ഓവറിലെ ആദ്യപന്തില്‍ തിലക്‌ വര്‍മയെ കൂടാരംകയറ്റി ലുന്‍ഗി എന്‍ഗിഡി ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശീലയിട്ടു. 34 പന്തില്‍ 62 റണ്ണാണ്‌ താരം നേടിയത്‌. നാലു വിക്കറ്റെടുത്ത ബാര്‍ട്‌മാനു പുറമേ ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ യാന്‍സണ്‍, ലൂതോ സിപാംല എന്നിവര്‍ രണ്ടുവിക്കറ്റ്‌ വീതമെടുത്ത്‌ ദക്ഷിണാഫ്രിക്കന്‍ ജയം ഉറപ്പാക്കി.

ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഡി കോക്ക്‌ (90), എയ്‌ഡന്‍ മാര്‍ക്രം (29), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (14), ഡൊണോവന്‍ ഫെരേര (16 പന്തില്‍ പുറത്താകാതെ 30), ഡേവിഡ്‌ മില്ലര്‍ (12 പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചു. അര്‍ഷ്‌ദീപ്‌ സിങ്‌ നാലോവറില്‍ 54 റണ്ണും ജസ്‌പ്രീത്‌ ബുംറ 45 റണ്ണുവഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 29 റണ്ണിനു രണ്ടു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി മാത്രമാണ്‌ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവച്ചത്‌. അക്‌സര്‍ പട്ടേലിന്‌ ഒരുവിക്കറ്റ്‌ ലഭിച്ചു. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. 14 ന്‌ ധര്‍മശാലയിലാണ്‌ പരമ്പരയിലെ മൂന്നാം മത്സരം.