Sports

നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!

ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചേസിംഗ്, രണ്ടു ടീമുകളും ചേര്‍ന്ന് നേടിയ റണ്‍സ്, പിറന്ന സിക്‌സറുകളുടെ എണ്ണം എന്നിങ്ങിനെ പല റെക്കോഡുകളും ഭേദിക്കപ്പെട്ട മത്സരത്തില്‍ പഞ്ചാബ് തകര്‍ത്തത് ടി20 യില്‍ 2023-ല്‍ സെഞ്ചൂറിയനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ 259 റണ്‍സിന്റെ ചേസിംഗ് റെക്കോഡാണ്.

ഐപിഎല്ലിലെയും ഉയര്‍ന്ന ചേസിംഗിന്റെ റെക്കോഡ് വീണു. മത്സരത്തില്‍ രണ്ടു ടീമുകളും ചേര്‍ന്ന് നേടിയത് 523 റണ്‍സായിരുന്നു. 42 സിക്‌സറുകളാണ് മത്സരത്തില്‍ പിറന്നത്. പഞ്ചാബ് 24 സിക്‌സറുകള്‍ മത്സരത്തില്‍ ഉടനീളം നേടിയപ്പോള്‍ 18 സിക്‌സറുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. പഞ്ചാബിന്റെ ഓപ്പണറായി എത്തിയ ബെയര്‍സ്‌റ്റോ 48 പന്തില്‍ 108 റണ്‍സ് നേടി. എട്ടു ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുമാണ് ബെയര്‍സ്‌റ്റോ പറത്തിയത്. 28 പന്തുകളില്‍ 68 റണ്‍സ് എടുത്ത ശശാങ്ക് സിംഗ് ആകട്ടെ രണ്ടു ബൗണ്ടറികളും എട്ടു സിക്‌സറുകളും നേടി.

നേരത്തേ ബെര്‍സ്‌റ്റോയ്ക്കൊപ്പം മികച്ച തുടക്കം നല്‍കിയ ശേഷമാണ് ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിംഗ് മടങ്ങിയത്. 20 പന്തുകളില്‍ 54 റണ്‍സ് അടിച്ച അദ്ദേഹം നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും നേിട. 16 പന്തില്‍ റിലീ റോസോവും 26 റണ്‍സ് നേടി. നേരത്തെ, ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണം ലഭിച്ച കെകെആര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (37 പന്തില്‍ 75) സുനില്‍ നരെയ്നും (32 പന്തില്‍ 71) ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് കെകെആര്‍ നേടിയത്. എന്നാലും രണ്ടാം ഇന്നിംഗ്സില്‍ കളിയില്‍ ആധിപത്യം പുലര്‍ത്തുകയും ഒടുവില്‍ 8 വിക്കറ്റിന്റെ വിജയം ഉറപ്പിക്കുകയും ചെയ്ത രാത്രി പിബികെഎസിന്റേതായിരുന്നു.

ഇവയാണ് ടി20 മത്സരങ്ങളില്‍ പിറന്ന പടുകൂറ്റന്‍ സ്‌കോറുകള്‍.

262 ഐപിഎല്‍ 2024 ല്‍ കൊല്‍ക്കത്തയില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ്

259 – 2023-ല്‍ സെഞ്ചൂറിയനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക

253 – ഓവലില്‍ സറേയ്ക്കെതിരെ മിഡില്‍സെക്സ് ടി20 ബ്ലാസ്റ്റ് 2023 244 – 2018ല്‍ ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയ

243 – 2022 ല്‍ സോഫിയയില്‍ സെര്‍ബിയക്കെതിരെ ബള്‍ഗേറിയ

243 – പിഎസ്എല്‍ 2023 ല്‍ റാവല്‍പിണ്ടിയില്‍ പെഷവാര്‍ സാല്‍മിക്കെതിരെ മുള്‍ത്താന്‍ സുല്‍ത്താന്‍മാര്‍