Crime

ജോലിക്ക് വരാതെ, ഒപ്പിടാന്‍ പണം നല്‍കി മറ്റൊരാളെ ചുമതലപെടുത്തി; അധ്യാപികയ്ക്ക് സസ്‌പെൻഷന്‍

അനുമതിയില്ലാതെ ലീവ് എടുക്കുകയും സ്കൂളിൽ ഹാജർ രേഖപ്പെടുത്താൻ മറ്റൊരു സ്ത്രീയെ ചുമതലപെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ മേഖലയിലെ ഒരു സ്‌കൂളിലെ അധ്യാപികയായ ഭാരതി ദീപക് മോറെയാണ് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

സ്‌കൂൾ സിഇഒ ഗജാനൻ ഷിൻഡെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജ്കുമാർ ബമനെയും സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മുൻകൂർ ലീവ് അപ്രൂവൽ ഇല്ലാതിരുന്നിട്ടും മോർ ഹാജരാകാത്തതായി കണ്ടെത്തി. എന്നാൽ, ഹാജർ രജിസ്റ്ററിൽ പരിശോധിച്ചപ്പോൾ അധ്യാപികയുടെ ഒപ്പ് തെറ്റായി രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് അധ്യാപികയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ ഒപ്പിട്ടതായി കണ്ടെത്തുകയായിരുന്നു എന്ന്‌ ഷിൻഡെ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ, അധ്യാപന ചുമതലകൾ കൈകാര്യം ചെയ്യാൻ തനിക്ക് പകരം മറ്റൊരു യുവതിയെ പണം നൽകി മോർ ചുമതപെടുത്തുകയായിരുന്നെന്ന് ഷിൻഡെ വ്യക്തമാക്കി.

സംഭവത്തിന്‌ പിന്നാലെ വിദ്യാർത്ഥികളുടെ സുരക്ഷയിലും വിദ്യാഭ്യാസ നിലവാരത്തിലും ആശങ്ക പ്രകടിപ്പിച്ച അധികൃതർ മോറിനോട് വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന് പ്രതികരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ മോറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കൽ, മുൻകൂർ അനുമതിയില്ലാതെ സ്‌കൂൾ വിടൽ, തൊഴിൽപരമായ ഉത്തരവാദിത്തങ്ങളോടുള്ള അവഗണന, ക്ലാസ് മുറിയുടെ ചുമതല അനധികൃത വ്യക്തിക്ക് നൽകൽ, ക്ലാസ് റൂം താക്കോൽ മൂന്നാമതൊരാൾക്ക് കൈമാറൽ, വിദ്യാർത്ഥികളുടെ പഠന പുരോഗതി തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് മോറെ സസ്പെൻഷനിലാക്കിയത്.