മക്കളുടെ മുമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. പുനലൂര്‍ വാളക്കോട് കലയനാട് ചരുവിള വീട്ടില്‍ ശാലിനി(39)യാണു കൊല്ലപ്പെട്ടത്. സംഭവശേഷം ഫെയ്‌സ്‌ബുക്കില്‍ കൊലപാതക വിവരം വിശദീകരിച്ച ഭര്‍ത്താവ് ഐസക്ക് (48) പിന്നീട് പുനലൂര്‍ പോലീസില്‍ കീഴടങ്ങി.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ആറോടെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പത്തൊന്‍പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. പുനലൂരിലെ സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു ശാലിനി. ശാലിനിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശാലിനിയെ വെട്ടിക്കൊന്നതിനു പിന്നാലെ മൂന്നു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തത്.
‘ വളരെ വിഷമകരമായ കാര്യമാണ് ഞാന്‍ പറയുന്നത്. അവളെ കൊന്നുകളഞ്ഞു. ഞാന്‍ പറഞ്ഞതു കേള്‍ക്കാതെ, ഇഷ്‌ടമുള്ളത് പോലെ പോവുകയും വരികയും ചെയ്യുകയായിരുന്നു. എനിക്ക് രണ്ട് മക്കളാണ്. മൂത്തയാള്‍ അസുഖബാധിതനാണ്. അതിലൊന്നും അവള്‍ക്ക് ഒരു വിഷമവുമില്ല. അമ്മയുടെ കൂടെയാണ് അവള്‍ ഇപ്പോള്‍ താമസം. അതിലെനിക്ക് വിഷമമില്ല. ഞാന്‍ വണ്ടി പഠിപ്പിച്ചു, വാങ്ങിച്ചു കൊടുത്തു. അനാവശ്യ പോക്കിന് വണ്ടി കൊണ്ടുപോകാന്‍ പാടില്ലെന്നു പറഞ്ഞപ്പോള്‍ എന്റെ പേരെഴുതിയ മോതിരം പണയം വച്ചു. ധിക്കാരത്തോടെ പുതിയ വണ്ടി വാങ്ങി. ജോലിക്ക് പോയി തുടങ്ങി. ജോലിക്കു പോകേണ്ട ആവശ്യമില്ലായിരുന്നു. ഞാന്‍ അധ്വാനിക്കുന്നുണ്ട്.
അവള്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നു. അതെനിക്ക് ഇഷ്‌ടമില്ലെന്ന് പറഞ്ഞു. അതുകേള്‍ക്കാതെ സ്വന്തം ഇഷ്‌ടപ്രകാരം പോയി. 2024ല്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണം 86,000 രൂപയ്ക്കും പിന്നാലെ ശേഷിച്ച ആഭരണങ്ങള്‍ 20,000 രൂപയ്ക്കും പണയം വച്ചു. പണം എന്തു ചെയ്തെന്ന് എനിക്കറിയില്ല. വിശ്വസിച്ച് കൂടെനിര്‍ത്തിയിട്ട് വിശ്വാസ വഞ്ചന കാണിക്കുന്ന ഇത്തരക്കാരോട് ക്ഷമിക്കാന്‍ പറ്റില്ല. ഒരുപാടുപേര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നുണ്ട്. നാട്ടുകാര്‍ എന്നെക്കണ്ട് ചിരിക്കുകയാണ്.’ – ഇങ്ങനെയാണ് ഐസക്കിന്‍റെ ഫെയ്സ്ബുക്ക് നീളുന്നത്.




