Movie News

കെജിഎഫിന്റെ മൂന്നാം ഭാഗവും ഉറപ്പെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍; താനുണ്ടാകുമോ എന്നറിയില്ല

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയും നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത പ്രശാന്ത് നീലിന്റെയും യാഷിന്റെയും കെജിഎഫിന്റെ മൂന്നാം ഭാഗവും വരും. ഇപ്പോഴിതാ ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ‘സലാര്‍’ റിലീസിനായി ഒരുങ്ങുന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ അതിന് മുന്നോടിയായി, തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഫ്രാഞ്ചൈസിയായ ‘കെജിഎഫിനെ’ കുറിച്ചും സംസാരിച്ചു.

‘കെജിഎഫ് 3 സംഭവിക്കും. ഞാന്‍ സംവിധായകനാണോ അല്ലയോ എന്നെനിക്കറിയില്ല, പക്ഷേ യഷ് എല്ലായ്‌പ്പോഴും അതിന്റെ ഭാഗമാകും. അതിനുവേണ്ടിയല്ല ഞങ്ങള്‍ അത് പ്രഖ്യാപിച്ചത്.’ പ്രശാന്ത് നീല്‍ പറഞ്ഞു. ”ഞങ്ങള്‍ക്ക് ഇതിനകം ഒരു സ്‌ക്രിപ്റ്റ് ഉണ്ട്. പ്രഖ്യാപനത്തിന് മുമ്പ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് തീരുമാനിച്ചിരുന്നു. വാണിജ്യപരമായ കാരണങ്ങളാലാണ് ഒരു കാര്യവും പുറത്തു വിടാതിരുന്നത്. ‘കെജിഎഫ് 2’ ന്റെ അവസാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് കാര്യങ്ങള്‍ കടലാസില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.” നീല്‍ പറഞ്ഞു.

അതേസമയം, ജൂനിയര്‍ എന്‍ടിആറിനൊപ്പം താല്‍ക്കാലികമായി എന്‍ടിആര്‍ 31 എന്ന് പേരിട്ടിരിക്കുന്ന തന്റെ ആദ്യ പ്രോജക്റ്റിനായി പ്രശാന്ത് തയ്യാറെടുക്കുകയാണ്. ‘സലാറി’ന് ശേഷം 2024 ന്റെ രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ‘സലാര്‍: പാര്‍ട്ട് 1 – വെടിനിര്‍ത്തല്‍’ ഡിസംബര്‍ 22 ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരന്‍, ജഗപതി ബാബു, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ പിന്തുണയോടെ 400 കോടി ബഡ്ജറ്റിലാണ് ‘സലാര്‍’ ഒരുങ്ങുന്നത്.