Oddly News

1953ല്‍ അയച്ച കത്ത് 72 വര്‍ഷത്തിന് ശേഷം ഉടമയെ തേടിയെത്തി; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് വൃദ്ധന്‍

1953-ല്‍, 16 വയസ്സുള്ളപ്പോള്‍ അലന്‍ ബോള്‍ എന്ന യുവാവ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സന്ദര്‍ശിക്കവേ തന്റെ ഇല്ലിനോയിസിലുള്ള വീട്ടിലേക്ക് അയച്ച ഒരു പോസ്റ്റ്കാര്‍ഡ് 72 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ചു. തനിക്ക് അത്ഭുതമായി തോന്നിയെന്നും, ആ പോസ്റ്റ്കാര്‍ഡിനെക്കുറിച്ച് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും 88-കാരനായ ബോള്‍ പറയുന്നു.

വേനല്‍ക്കാലം അമ്മായിയോടൊപ്പം ചിലവഴിക്കാന്‍ പോര്‍ട്ടോറിക്കയിലേക്ക് പോവുകയായിരുന്നു ബോള്‍. അതിനിടയില്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ട്രെയിനിറങ്ങി യുഎന്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അവിടെനിന്നാണ് 2 സെന്റ് സ്റ്റാമ്പുള്ള ഒരു പോസ്റ്റ്കാര്‍ഡ് വാങ്ങിയത്. ‘ഞാനിപ്പോള്‍ യുഎന്‍ കെട്ടിടത്തിലാണ്- വളരെ ആധുനികമാണ്.’ അന്ന് അദ്ദേഹം പോസ്റ്റ്കാര്‍ഡില്‍ എഴുതി. എന്നാല്‍, ഈ പോസ്റ്റ്കാര്‍ഡ് ഒരിക്കലും അദ്ദേഹത്തിന്റെ ഇല്ലിനോയിസിലെ വീട്ടിലെത്തിയില്ല.

72 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇഡാഹോയിലുള്ള അദ്ദേഹത്തിന് ആ പോസ്റ്റ്കാര്‍ഡ് ലഭിച്ചപ്പോള്‍ അത്ഭുതമായി. പോസ്റ്റ്കാര്‍ഡ് ലഭിച്ച ബോള്‍ വികാരാധീനനായി. ആ 2 സെന്റിന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും 72 വര്‍ഷത്തിന് ശേഷം ആര്‍ക്കാണ് തന്റെ കത്ത് തിരിച്ച് ലഭിക്കുക? എന്നും അദ്ദേഹം തമാശയോടെ ചോദിച്ചു.

ഈ പോസ്റ്റ്കാര്‍ഡ് 1953 ജൂണ്‍ 17-നാണ് അയച്ചത്, അതില്‍ യുഎന്നിന്റെ സ്റ്റാമ്പുമുണ്ട്. കത്ത് ആദ്യം യുഎന്നില്‍വെച്ച് കാണാതായിരിക്കാമെന്നും, പിന്നീട് അത് അടുത്തിടെ മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂ എന്നും തപാല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്ത് ഇല്ലിനോയിസിലെ ഒട്ടാവ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ അവിടുത്തെ പോസ്റ്റ്മാസ്റ്റര്‍ അധികാരികളുടെ സഹായം തേടുകയും, അന്വേഷണത്തിലൂടെ ബോള്‍ ഇപ്പോള്‍ വടക്കന്‍ ഇഡാഹോയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

ഇതറിഞ്ഞ ബോള്‍ പിന്നീട് ഒരു പ്രാദേശിക പത്രത്തിന് അഭിമുഖം നല്‍കി. പോസ്റ്റ്കാര്‍ഡ് ലഭിച്ചതിന് ശേഷം ചെറിയ പട്ടണത്തില്‍ ബോള്‍ ഒരു സെലിബ്രിറ്റിയായി മാറി. അദ്ദേഹത്തിന്റെ കഥ ഒരു പ്രാദേശിക പത്രത്തിലും പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയെക്കുറിച്ച് അധികം ഓര്‍മ്മകളില്ലാത്ത ബോളിന്, ഈ പോസ്റ്റ്കാര്‍ഡ് പഴയ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.