ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ വമ്പന്‍താരം കൂടെയുള്ളപ്പോള്‍ യൂറോകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് പോര്‍ച്ചുഗല്‍ പന്തുതട്ടാനിറങ്ങിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങുമ്പോള്‍ അവരുടെ ഹൃദയം പിടഞ്ഞു. ടീമില്‍ ഉണ്ടായിരുന്ന സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ആകട്ടെ ഒരു ഗോള്‍ പോലും കുറിക്കാനായില്ല എന്ന് മാത്രമല്ല നല്ല ഒരു അസിസ്റ്റിന് പോലും കഴിഞ്ഞുമില്ല. സ്ളോവാക്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
തോല്‍വിയുടെ ഭാരത്തിന് പിന്നാലെ കളംവിട്ട താരം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിശബ്ദത വെടിഞ്ഞ് ആരാധകരെ അഭിസംബോധന ചെയ്ത് വികാരഭരിതമായ പോസ്റ്റിലൂടെ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തി. ”ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി.പോര്‍ച്ചുഗലിനായി, ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിച്ചു. ഞങ്ങള്‍ കൂടുതല്‍ അര്‍ഹരായിരുന്നു.” റൊണാള്‍ഡോ എഴുതി.
”നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും ഞങ്ങള്‍ ഇതുവരെ നേടിയ എല്ലാത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. കളിക്കളത്തിലും പുറത്തും, ഒരുമിച്ച് ഈ പൈതൃകം മാനിക്കപ്പെടുമെന്നും ഇനിയും കെട്ടിപ്പടുക്കപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 5 ന് ഹാംബര്‍ഗിലെ ഫോക്‌സ്പാര്‍ക്ക് സ്റ്റേഡിയനില്‍ ഫ്രാന്‍സിനോട് തോറ്റതോടെ കളംവിടുമെന്ന അഭ്യൂഹങ്ങളാണ് ക്രിസ്റ്റ്യാനോ ഒറ്റ പോസ്റ്റില്‍ അവസാനിപ്പിച്ചത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ റൊണാള്‍ഡോ 15 ഗോളുകളോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോറര്‍ ആണ്, കൂടാതെ 41 വയസ്സുള്ളപ്പോള്‍ 2026ലെ ഫിഫ ലോകകപ്പില്‍ അദ്ദേഹം പങ്കെടുത്തേക്കാം.
പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നേരിട്ട പരാജയത്തിന് പിന്നാലെ ഈ ഘട്ടത്തില്‍ വ്യക്തിഗത തീരുമാനങ്ങളൊന്നുമില്ല എന്നായിരുന്നു പോര്‍ച്ചുഗലിന്റെ ഹെഡ്കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞത്. അതേസമയം ഫ്രാന്‍സിനെതിരായ പോരാട്ടത്തിന്റെ ഫലമായി ടീമിന്റെ യുവതാരങ്ങള്‍ മെച്ചപ്പെടുമെന്നും വളരെ അഭിമാനത്തോടെ ഭാവിയിലേക്ക് നോക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന പ്രകടനമായിരുന്നു അതെന്നും യൂറോ 2024 ലെ ടീമിന്റെ പ്രകടനം അവലോകനം ചെയ്തുകൊണ്ട് പരിശീലകന്‍ മാര്‍ട്ടിനെസ് പറഞ്ഞു.