തൃപ്പൂണിത്തുറ: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ഇരുപതുകാരന്‍ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ കണ്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. എരൂര്‍ ലേബര്‍ ജംഗ്ഷന് സമീപം പുരപ്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകന്‍ ശ്രീധര്‍ ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11.40 നാണ് സംഭവം. ഡിസംബര്‍ 13ന് പുലര്‍ച്ചെ കണിയാമ്പുഴ റോഡിലുണ്ടായ വധശ്രമക്കേസിലെ പ്രതിയാണ് ശ്രീധര്‍. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയതറിഞ്ഞ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി. ഇതോടെ മുറിക്കുള്ളില്‍ കയറി ശ്രീധര്‍ വാതിലടച്ചു.
വിളിച്ചിട്ടും തുറക്കാതിരുന്നതോടെ സമീപത്തുണ്ടായിരുന്ന ബന്ധു യുവാവിന്റെ പിതാവിനെ വിളിച്ചുവരുത്തി. പിതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. അടുക്കള വാതിലിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ശ്രീധറിന്റെ അമ്മ രാമേശ്വരത്തേക്കുള്ള യാത്രയിലായിരുന്നു.




