Featured Spotlight

അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം.

പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുക്കുകയാണ്. അതില്‍ ഒരാള്‍ക്ക് ഇന്ന് വൃക്ക മാറ്റിവയ്ക്കും. കണ്ണൂരില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലും പിന്നീട് റോഡ് മാര്‍ഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അവയവം എത്തിക്കും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ പ്രാക്ടിക്കല്‍ മോഡല്‍ പരീക്ഷകള്‍ നടക്കുന്നതിനിടെയാണ് കുട്ടി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. ഇരുകാലിനും തലക്കും പരുക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണമടഞ്ഞത്. അമ്മ വിദേശത്തേക്ക് പോകുന്നതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകാഘാതം ഉണ്ടാകുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)