Featured Spotlight

ബെഡ് കിട്ടാതെ രോഗികൾ പുറത്ത്, മന്ത്രിക്ക് അകത്ത് ഫോട്ടോഷൂട്ട്: പരിയാരത്ത് വിവാദം പുകയുന്നു

കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി കെഎസ്‌യു രംഗത്തെത്തി. സാധാരണക്കാരായ രോഗികൾ ഐസിയു കിടക്കകൾക്കായി കാത്തിരിക്കുമ്പോൾ, യാതൊരുവിധ അടിയന്തര ചികിത്സാ ഉപകരണങ്ങളും (ബിപി കഫ്, മോണിറ്റർ തുടങ്ങിയവ) ഉപയോഗിക്കാതെ മന്ത്രി ഐസിയു സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.

ഫർഹാൻ മുണ്ടേരിയുടെ പോസ്റ്റ്

ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുകളിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും ഉണ്ടെന്ന് നമുക്കറിയാമല്ലോ. അതിൽ ഫോട്ടോ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ വളരെ സന്തോഷത്തോടെ ഇരിക്കുന്ന മന്ത്രി ഫോട്ടോഷൂട്ട് നടത്തിയ കാഴ്ചയാണ് നമ്മൾ കാണുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ തീവ്ര പരിചരണം ആവശ്യമായ രോഗികൾ കിടക്കേണ്ട ബെഡിൽ കേറി കിടക്കുകയും, അതും കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചുകൊണ്ട് ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇത്തരത്തിൽ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ നമ്മുടെ നാട്ടിലെ സാധാരക്കാർ ചികിത്സതേടുന്ന ഗവ. മെഡിക്കൽ കോളേജ് ഐ.സി.യുകളും ആശുപത്രികളും ?

നഴ്സുമാർക്കൊപ്പം മന്ത്രി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ ‘ഫോട്ടോഷൂട്ട്’ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐസിയു നിയമങ്ങൾ ലംഘിച്ച് സിപിഎം അനുകൂല ജീവനക്കാരെ ഒപ്പം നിർത്തി മന്ത്രി പ്രഹസനം നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ അമർന്നത് കാരണമാണ് വേദന അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് ഹിതകരമല്ലാത്തതിനാൽ അവർ പരിയാരത്ത് നിരീക്ഷണത്തിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *