ലോകാവസാനം ഉടനെന്ന മുന്നറിയിപ്പുമായി പാസ്‌റ്റര്‍മാര്‍. ഈ മാസം 23 ന് എല്ലാം തുടങ്ങുമെന്നാണു മുന്നറിയിപ്പ്. 23 നാണു റോഷ് ഹഷാന എന്നറിയപ്പെടുന്ന യഹൂദരുടെ ഉത്സവം. യേശുവിന്റെ രണ്ടാം വരവും അവിശ്വാസികള്‍ക്കുള്ള വിധിദിനവും ഉടനുണ്ടാകുമെന്നാണു മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു യു.എസിലെ പാസ്‌റ്റര്‍മാര്‍ ലോകാവസാന മുന്നറിയിപ്പ് നല്‍കിയത്.
മഹാദൂതന്റെ ശബ്‌ദത്തോടും ദൈവത്തിന്റെ കാഹള ശബ്‌ദത്തോടും കൂടി യേശു ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന പ്രവചനമാണു പാസ്‌റ്റര്‍മാര്‍ നടത്തുന്നത്. മരിച്ച വിശ്വാസികള്‍ പോലും അവരുടെ ശവകുടീരങ്ങളില്‍നിന്ന് എഴുന്നേല്‍ക്കുമെന്നും യേശു അവരെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്നും ബൈബിളിനെ അടിസ്‌ഥാനമാക്കി അവര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കക്കാരനായ പാസ്‌റ്റര്‍ ജോഷ്വ മ്ലലാകേലയാണ് ആദ്യം ലോകവസാനം പ്രവചിച്ചത്. യേശു അദ്ദേഹത്തിനു ദിവ്യദര്‍ശനം നല്‍കിയെന്നും 23നു യേശുവിന്റെ രണ്ടാംവരവ് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മ്ലലാകേലയുടെ വീഡിയോ അരലക്ഷത്തോളം പേരാണു കണ്ടത്.
‘രണ്ടാം വരവ് ഉണ്ടാകും. നിങ്ങള്‍ തയാറാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. ഞാന്‍ യേശുവിനെ അവന്റെ സിംഹാസനത്തില്‍ ഇരിക്കുന്നത് കണ്ടു, അവന്‍ വളരെ ഉറക്കെ വ്യക്‌തമായി പറയുന്നത് ഞാന്‍ കേട്ടു. സെപ്‌റ്റംബര്‍ 23, 24 തീയതികളില്‍ ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന്’ -പാസ്‌റ്റര്‍ അവകാശപ്പെട്ടു.ഇതോടെയാണു മറ്റ് പാസ്‌റ്റര്‍മാരും ലോകാവസാന പ്രവചനം തുടങ്ങിയത്. യഹൂദ പൈതൃകവും ആചാരങ്ങളും യേശു മിശിഹാ ആണെന്ന വിശ്വാസവും സംയോജിപ്പിക്കുന്ന മെസ്സിയാനിക് റാബ്ബിയായ ജോണാഥന്‍ കാന്‍, സെപ്‌റ്റംബര്‍ 23നു ലോകാവസാനമുണ്ടാകുമെന്ന് ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വീഡിയോ 13 ലക്ഷം പേരാണു കണ്ടത്.
‘സ്വര്‍ഗാരോഹണം അല്ലെങ്കില്‍ യജമാനന്റെ വരവ് പോലുള്ള പ്രധാന സംഭവങ്ങള്‍ കാഹളങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എല്ലാം മുമ്പ് ഉണ്ടായിരുന്നതും അര്‍ത്ഥവത്തായതുമായ കാര്യങ്ങളുമായി ഒത്തുപോകുന്നു.’- അദ്ദേഹം പറഞ്ഞു. യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ‘രക്‌ത ചന്ദ്രന്‍’ പോലുള്ള ആകാശ സംഭവങ്ങള്‍ എന്നിവ ആ അടയാളങ്ങളില്‍ ഉള്‍പ്പെടുന്നു, അത് ഞായറാഴ്‌ച സംഭവിച്ചു എന്നാണു വാദം. യോവേലിന്റെ പുസ്‌തകത്തില്‍ ‘യഹോവയുടെ മഹത്തായ ഭയാനകമായ ദിനം വരുന്നതിന് മുമ്പ് സൂര്യന്‍ ഇരുട്ടായിത്തീരും, ചന്ദ്രന്‍ രക്‌തമായി മാറും.’ എന്ന ബൈബിള്‍ വചനമാണു ലോകാവസാന വാദികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സമാനമായ അവകാശവാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ അവകാശവാദത്തെ ക്രിസ്‌തീയ പണ്ഡിതര്‍ തള്ളിക്കളയുന്നു. സെപ്‌റ്റംബര്‍ 23 പോലെയുള്ള ഒരു പ്രത്യേക തീയതിയുമായി അന്ത്യകാലത്തെ ബന്ധിപ്പിക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നു.
യേശുവിന്റെ രണ്ടാംവരവിനെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ഉണ്ടാകില്ലെന്ന് ബൈബിള്‍ പറയുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
‘എന്നാല്‍ ആ ദിവസത്തെയോ സമയത്തെയോ കുറിച്ച് ആരും അറിയില്ല, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ പോലും, പുത്രനും അല്ല, പിതാവ് മാത്രം’ എന്നാണു മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതെന്ന് അവര്‍ വ്യക്‌തമാക്കി. സെപ്‌റ്റംബര്‍ 23 ലോകാവസാനവുമായി ബന്ധിപ്പിക്കുന്നത് ഇതാദ്യമല്ല. 2017 സെപ്‌റ്റംബര്‍ 23 നു രഹസ്യ ഗ്രഹമായ നിബിരു ഭൂമിയെ അഗ്‌നിഗോളത്താല്‍ നശിപ്പിക്കുമെന്ന് അവകാശപ്പെട്ട് അന്ത്യകാല പ്രവാചകര്‍ രംഗത്തെത്തിയിരുന്നു.




