ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീടാണ് പാലാശിന്റേതെന്ന പേരിൽ മേരി ഡി കോസ്റ്റ എന്ന യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകള്‍ പ്രചരിച്ചത്. വിവാഹം മാറ്റിവയ്ക്കാൻ ഇതും ഒരു കാരണമായിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു.
എന്നാൽ ഈ വിഷയത്തിൽ ഇൻസ്റ്റഗ്രാമില്‍ വിശദീകരണമായെത്തിയിരിക്കുകയാണ് മേരി ഡി കോസ്റ്റ. താനൊരിക്കലും പലാശിനെ കണ്ടിട്ടില്ലെന്നും നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു മാസത്തെ പരിചയം മാത്രമേയുള്ളൂവെന്നും അവർ പറഞ്ഞു.
‘‘2025 ഏപ്രിൽ 29നും മേയ് 30 നും ഇടയിലാണ് ചാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ കേവലം ഒരു മാസം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. ഇതിനിടയിൽ നേരിട്ട് കാണുകയോ, യാതൊരു തരത്തിലും ഇടപെടുകയോ ചെയ്തിട്ടില്ല. ഇപ്പോഴെന്തിനാണ് ഇതൊക്കെ തുറന്നു പറയുന്നതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ പലാശിന്റെ യഥാർഥ മുഖം ഞാൻ തുറന്നു കാട്ടിയത് ജൂലൈയിലാണ്. പക്ഷേ ആ സമയത്തൊന്നും അയാൾ ആരായിരുന്നുവെന്ന് ആർക്കും അറിയുമായിരുന്നില്ല. അതിനാൽ ആ കാര്യങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയി. ഞാൻ ആരാണ് എന്നതിനെക്കുറിച്ചും ധാരാളം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഞാൻ യഥാർഥത്തിൽ ഒരു കൊറിയോഗ്രാഫറല്ല. അയാൾ വഞ്ചന കാട്ടിയത് എനിക്കൊപ്പവുമല്ല. കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞ് ആളുകൾ തെറ്റായ അനുമാനത്തിലെത്തണമെന്ന് ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇതെല്ലാം തുറന്നു പറഞ്ഞത്. ഞാന്‍ ക്രിക്കറ്റ് കാണുന്നയാളാണ്. സ്മൃതി മന്ഥനയെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു സ്ത്രീയെയും ഞാന്‍ വേദനിപ്പിക്കില്ല. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സുതാര്യത വേണമെന്ന് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ഇത്തരത്തിലൊരു തിരിച്ചടി ഞാൻ പ്രതീക്ഷിച്ചില്ല. എന്റെ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആക്കേണ്ടി വന്നു. വിദ്വേഷ പ്രചാരണം കൈകാര്യം ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. നെഗറ്റിവായി പ്രതികരിക്കുന്നത് കുറച്ചു പേരാണ്. ഒരു പക്ഷേ അവർക്ക് സത്യമെന്താണന്നറിയില്ലായിരിക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് എല്ലാ മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ദയവായി എന്റെ ചിത്രങ്ങൾ ഉപയോഗിക്കരുത്. എന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകള്‍സൃഷ്ടിക്കപ്പെട്ടതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദയവായി അതിൽ പെട്ടുപോകരുതെന്നും അഭ്യർഥിക്കുന്നു. – മേരി ഡി’കോസ്റ്റ കുറിച്ചു. എന്നാൽ വീണ്ടും ഇത് വാർത്തയായതോടെ അവർ ഇൻസ്ററഗ്രാം പോസ്റ്റ് പിൻവലിച്ചു.




