Crime

പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്∙ പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും  വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.  ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയും ആണ് ശിക്ഷ.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.

ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടിരുന്നു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്നും, സാക്ഷികൾക്ക് ഭീഷണിയാണെന്നും പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. 

നിഷ്ഠൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനുപുറമേ മറ്റു രണ്ടുകൊലപാതകങ്ങള്‍കൂടി നടത്തിയിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധിശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ഈ സംഭവത്തിനു മുന്‍പ് ഒരു പെറ്റിക്കേസില്‍പ്പോലും പ്രതിയാകാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഷണ്മുഖാനന്ദന്‍ വാദിച്ചു. സുപ്രീംകോടതിയുടെ മുന്‍വിധികളും ഇതിന് ആധാരമായി പ്രതിഭാഗം ഉന്നയിച്ചു. മറ്റു രണ്ടുകൊലപാതകങ്ങളെ ഈ കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു

ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പൊലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് ജഡ്ജ് പ്രസ്താവിച്ചു. ഭാവഭേദങ്ങള്‍ ഇല്ലാതെ വിധി കേട്ട ചെന്താമര, വിധിയെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. വിധിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും മൗനമായിരുന്നു ചെന്താമരയുടെ മറുപടി.

2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോയത്, സജിത കാരണമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സജിതയെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ സാഹസികമായി പിടികൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങി ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.