ഏഷ്യാ കപ്പ് ക്രിക്കറ്റില്‍നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്‌റ്റിനെ പുറത്താക്കണമെന്നു പാകിസ്‌താന്‍. ഇന്ത്യക്കെതിരായ മത്സരം തോറ്റതിനു പിന്നാലെയാണു പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി രംഗത്തു വന്നത്.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടോസ് സമയത്ത് ഇരു നായകന്‍മാരും തമ്മില്‍ ഹസ്‌ത ദാനം നല്‍കേണ്ടെന്നു ആന്‍ഡി പൈക്രോഫ്‌റ്റ് നിര്‍ദേശിച്ചിരുന്നു. ആന്‍ഡി പൈക്രോഫ്‌റ്റിനെ ഉടനടി പുറത്താക്കണമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ നഖ്‌വിയുടെ ആവശ്യം. ഹസ്‌ത ദാനത്തിനു വിസമ്മതിച്ച ഇന്ത്യക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ജനറല്‍ മാനേജര്‍ വസിം ഖാന് അയച്ച കത്തില്‍ മൊഹ്‌സിന്‍ നഖ്‌വി ഉന്നയിച്ചു. ടോസിന് മുമ്പ് ഹസ്‌തദാനം വേണ്ടെന്ന് പൈക്രോഫ്‌റ്റ് ആദ്യം പാക് നായകന്‍ സല്‍മാന്‍ ആഗയെ മാറ്റി നിര്‍ത്തിയും തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി നിര്‍ത്തിയും നിര്‍ദേശിച്ചു.
പാകിസ്‌താന്‍ ടീം മാനേജര്‍ നവീദ് അക്രം ചീമ ടൂര്‍ണമെന്റ് ഡയറക്‌ടര്‍ ആന്‍ഡ്രു റസലിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആന്‍ഡ്രൂ റസല്‍. ആന്‍ഡി പൈക്രോഫ്‌റ്റിന്റെ നടപടി എം.സി.സി. നിയമത്തിന്റെയും ക്രിക്കറ്റിന്റെ മാന്യതയുടെയും ലംഘനമാണെന്നു നവീദ് അക്രം ആരോപിച്ചു. പാക് നായകന്‍ സല്‍മാന്‍ ആഗ മത്സരത്തിനു ശേഷമുള്ള പതിവ് സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തില്ല. ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്ന് പാക് കോച്ച് മൈക്ക് ഹെസന്‍ പറഞ്ഞു. മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും ജയം മുഴുവന്‍ സായുധ സേനയ്‌ക്കും സമര്‍പ്പിക്കുന്നതായും സൂര്യ പറഞ്ഞു. ആന്‍ഡി പൈക്രോഫ്‌റ്റിനെ കൂടാതെ റിച്ചി റിച്ചാഡ്‌സണും ഏഷ്യാ കപ്പിലെ മാച്ച് റഫറിയാണ്.




