Crime

ഒസാമയുടെ മകന്‍ ഹംസ ജീവിച്ചിരിപ്പുണ്ടെന്നു റിപ്പോര്‍ട്ട്‌, സംരക്ഷണത്തിന് 450 സ്‌നൈപ്പര്‍മാര്‍

ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍ ക്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്നും വെളിപ്പെടുത്തല്‍. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനോടൊപ്പം അഫ്‌ഗാനിസ്‌ഥാനിലെ അല്‍ ക്വയ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്‌ ഹംസയാണെന്നാണ് ‘ദി മിറര്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

2019-ല്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേയുള്ള വിവരം. യു.എസിനും മറ്റ്‌ രാജ്യങ്ങള്‍ക്കും നേരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ഹംസയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്തയും പുറത്തുവന്നത്‌. എന്നാല്‍, ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ പെന്റഗണ്‍ തയാറായിരുന്നില്ല.

താലിബാന്‍ വിരുദ്ധ സൈനിക സഖ്യമായ എന്‍.എം.എഫ്‌ ആണ്‌ ഹസംയുടെയും കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌. ‘ഭീകരതയുടെ കിരീടാവകാശി’യെന്നാണ്‌ എന്‍.എം.എഫ്‌. ഹംസയെ വിശേഷിപ്പിച്ചിരിക്കുന്നത്‌. 450 സ്‌നൈപ്പര്‍മാരുടെ സംരക്ഷണയിലാണ്‌ അഫ്‌ഗാനിസ്‌ഥാനില്‍ ഹംസ വിലസുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ഇയാളുടെ നേതൃത്വത്തില്‍ അഫ്‌ഗാനില്‍ അല്‍ ക്വയ്‌ദ പരിശീലനം സജീവമായി നടക്കുന്നുണ്ടെന്നും പാശ്‌ചാത്യ രാജ്യങ്ങളില്‍ ആക്രമണത്തിന്‌ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ലെ അട്ടിമറിക്കുശേഷം അഫ്‌ഗാനിസ്‌ഥാന്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും എന്‍.എം.എഫ്‌. മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പഞ്ചശീറിലെ ദേരാ ഖേല്‍ ജില്ലയിലേക്ക്‌ ഹംസ ബിന്‍ ലാദന്റെ താവളം മാറ്റിയിട്ടുണ്ട്‌. അറബികളും പാകിസ്‌താന്‍കാരുമുള്‍പ്പെടുന്ന 450 അംഗ സംഘമാണ്‌ ഹംസയ്‌ക്ക് സംരക്ഷണവലയമൊരുക്കുന്നത്‌.

ഒസാമ വധത്തിനു ശേഷം അല്‍ ക്വയ്‌ദയുടെ നേതൃത്വമേറ്റെടുത്ത അയ്‌മാന്‍ അല്‍ സവാഹിരിയുമായി ഹംസ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്നാണ്‌ ഭീകരസംഘടനയുടെ നേതൃത്വത്തിലേക്ക്‌ ഹംസ എത്തിയതെന്നുമാണ്‌ പുറത്തുവരുന്ന വിവരം. സൗദി അറേബ്യയിലെ ജിദ്ദയില്‍ ജനിച്ച ഹംസ, വര്‍ഷങ്ങളോളം അമ്മയ്‌ക്കൊപ്പം ഇറാനിലായിരുന്നു താമസിച്ചിരുന്നത്‌. പിന്നീടാണ്‌ അഫ്‌ഗാനിസ്‌ഥാനിലേക്കെത്തിയത്‌.