The Origin Story

അങ്ങിനെയാണ് ഇന്ത്യാക്കാരുടെ പ്രിയ വിഭവമായ ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടായത്

അയല്‍ക്കാരാണെങ്കിലും ഇന്ത്യാക്കാര്‍ക്ക് ചൈനാക്കാരോട് അത്ര ഇഷ്ടമാണെന്ന് പറയാനാകില്ല. പക്ഷേ ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ചൈനാക്കാരുടെ ഭക്ഷണം വളരെ ഇഷ്ടമാണ്. സ്പ്രിംഗ് റോളുകള്‍ മുതല്‍ ചൗമെയിന്‍, ഷെച്ച്വാന്‍ വരെ, ഭക്ഷണവിഭവങ്ങള്‍ കാലങ്ങളായി ഇന്ത്യന്‍ പ്രിയങ്കരമാണ്. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യാക്കാരും ആസ്വദിച്ച് കഴിക്കുന്ന ചൈനാക്കാരുടെ ഒരു വിഭവമുണ്ട്. ആയിരം രുചികളുള്ള ഗ്രേവിയും വറുത്ത ചിക്കന്‍ കഷണങ്ങളുമായി വായില്‍ കപ്പലോടിക്കുന്ന ചിക്കന്‍ മഞ്ചൂറിയന്‍.

ഇന്ത്യയില്‍ അതിന്റെ ചരിത്രത്തിന്റെ ഉത്ഭവം മുംബൈയില്‍ താമസമാക്കിയിരുന്ന ഒരു ഷെഫില്‍ നിന്നുമായിരുന്നു. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഇപ്പോഴും അറിയപ്പെടുന്ന ചൈന ഗാര്‍ഡന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ 1950-ല്‍ ജനിച്ച നെല്‍സണ്‍ വാങ് ഒരു ചൈനീസ് കുടിയേറ്റക്കാരന്റെ മകനായിരുന്നു, 1974-ല്‍ ഒരു ഷെഫ് ആവുക എന്ന തന്റെ സ്വപ്നം പിന്തുടര്‍ന്ന് ബോംബെയിലെത്തി. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ ഒരു കാറ്റററായി ജോലി ചെയ്തുകൊണ്ട് തന്റെ കരിയര്‍ ആരംഭിച്ചു. ഒരിക്കല്‍ ഒരു ഉപഭോക്താവ് അദ്ദേഹത്തോട് മെനുവിന് പുറത്തുള്ള ഇതുവരെ ഉണ്ടാക്കാത്തതും അതുല്യമായ രുചിയോട് കൂടിയതുമായ എന്തെങ്കിലും ഒരു വിഭവം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു.

വാങ് അടുക്കളയിലേക്ക് മടങ്ങി, ചിക്കന്‍ ക്യൂബുകള്‍ കോണ്‍സ്റ്റാര്‍ച്ചില്‍ പൊതിഞ്ഞ്, വറുത്ത് പ്രധാന ഇന്ത്യന്‍ ചേരുവകളായ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അടിസ്ഥാനമാക്കിയുള്ള സോസിലേക്ക് ചേര്‍ത്തു. ഉണ്ടാക്കുമ്പോള്‍ ഭാവിയില്‍ തന്റെ വിഭവത്തിന് ഇന്ത്യയില്‍ ഇത്രയധികം വരവേല്‍പ്പ് ലഭിക്കുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്തായാലും സ്വന്തമായി ഒരു റസ്റ്റോറന്റ് തന്നെ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കും വിധം ഈ കൗതുകകരമായ പുതിയ വിഭവത്തെക്കുറിച്ച് വാര്‍ത്ത പരന്നു.

അങ്ങനെ 1975 ല്‍ ബോംബെയിലെ യഥാര്‍ത്ഥ ഇന്ത്യന്‍-ചൈനീസ് റെസ്റ്റോറന്റായ ചൈന ഗാര്‍ഡന്‍ സ്ഥാപിതമായി. ചിക്കന്‍ മഞ്ചൂറിയന് അതിദ്രുതം പ്രശസ്തിയുമുണ്ടായി. ചൈന ഗാര്‍ഡനില്‍ നിന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ചിക്കന്‍ മഞ്ചൂറിയന്‍ അതിവേഗം വ്യാപിച്ചു. ബാംഗ്ലൂര്‍, ഗോവ, പൂനെ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ റെസ്റ്റോറന്റിന്റെ ശൃംഖലകള്‍ തുറക്കുന്നതിന്റെ ഉത്തരവാദിത്തം വാങ്ങിന്റെ മകന്‍ എഡി ഏറ്റെടുത്തു. പിന്നീട് എല്ലാ ഇന്ത്യന്‍-ചൈനീസ് റെസ്റ്റോറന്റുകളുടെയും മെനുവില്‍ ചിക്കന്‍ മഞ്ചൂറിയന്‍ ഒരു സുഖപ്രദമായ ഇടം കണ്ടെത്തി.

ആരാധന കൂടിയപ്പോള്‍ അതിന്റെ തന്നെ വ്യത്യസ്ത പതിപ്പുകളും വികസിപ്പിച്ചെടുക്കപ്പെട്ടു. പച്ചക്കറിയിലേക്കും രൂചിക്കൂട്ട് പരീക്ഷിക്കപ്പെട്ടു. അങ്ങിനെ വെജിറ്റബിള്‍ മഞ്ചൂറിയനും ഗോബി മഞ്ചൂറിയനും കൂടുതല്‍ ജനപ്രിയമായി. അങ്ങിനെ ചിക്കന്‍ മഞ്ചൂറിയന്റെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ ചൈനയോട് കടപ്പെട്ടിരിക്കുന്നു.