Featured Health

വായയുടെ ആരോഗ്യവും പ്രധാനം, ഹൃദയാരോഗ്യത്തിനെവരെ ബാധിക്കും ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മറ്റ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നത് പോലെ തന്നെ വായയുടെ ആരോഗ്യവും കാത്തു സൂക്ഷിയ്ക്കണം. പല്ല്, മോണ എന്നിവയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്നം വന്നാല്‍ ഉടനടി ചികിത്സ തേടാനും മടിയ്ക്കരുത്. ഏതെങ്കിലും പല്ല് പോയാല്‍ പകരം ഉടന്‍ തന്നെ പുതിയത് വയ്ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. വായ്ക്കുള്ളില്‍ എന്തെങ്കിലും മാറ്റം കണ്ടാല്‍ ഉടനെ തന്നെ ഒരു ദന്തരോഗവിദഗ്ധനെ കാണണം. വായയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയാം…

  • ദന്താരോഗ്യത്തിന് പല്ല് തേച്ചാല്‍ മതി – ദിവസം രണ്ടു നേരം പല്ലു തേക്കുന്നതിനു പുറമെ മോണകള്‍ ഫ്ലോസിങ്ങ് ചെയ്യണം. ടങ് ക്ലീനര്‍ ഉപയോഗിച്ച് നാവ് വൃത്തിയാക്കുകയും വേണം. ദന്താരോഗ്യം ലഭിക്കാന്‍ പല്ലുതേച്ചാല്‍ മാത്രം പോര, ഇത്രയും കാര്യങ്ങളെങ്കിലും ചെയ്യണം.
  • വെളുത്ത പല്ല് ആണ് ആരോഗ്യകരം – വെളുത്ത പല്ല് ആരോഗ്യമുള്ളത് തന്നെ എന്നാല്‍ മഞ്ഞനിറമുള്ള പല്ല് അനാരോഗ്യകരമാണ് എന്നത് തെറ്റാണ്. ഓരോ വ്യക്തിയിലും ഇനാമലിന്റെ നിറം വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് വെള്ള കൂടാതെ മറ്റു നിറങ്ങളിലും കാണപ്പെടും. പല്ലിന് മഞ്ഞനിറം അധികമാണെന്ന് തോന്നുകയാണെങ്കില്‍ ഒരു ദന്തരോഗവിദഗ്ധനെ കാണാവുന്നതാണ്.
  • അമര്‍ത്തി പല്ല് തേക്കുന്നതാണ് നല്ലത് – എത്ര കടുപ്പത്തില്‍ ബ്രഷ് ചെയ്യുന്നോ അത്രയധികം പരുക്ക് പല്ലിനും മോണയ്ക്കും ഉണ്ടാകുകയാണ്. ബലത്തില്‍ പല്ല് തേക്കുമ്പോള്‍ പല്ലില്‍ ഉരയലുണ്ടാകുകയും സെന്‍സിറ്റിവിറ്റിക്ക് ഇത് കാരണമാകുകയും ചെയ്യും. സോഫ്റ്റ് ബ്രിസില്‍ ബ്രഷുകള്‍ ഉപയോഗിക്കണം. അതുപോലെ തിരശ്ചീനമായി (horizontal) പല്ല് തേക്കാതെ ലംബ (vertical) മായും വൃത്താകൃതിയിലും വേണം ബ്രഷ് ചെയ്യാന്‍.
  • മധുരം കഴിച്ചാല്‍ മാത്രമേ പല്ലിന് കേടുണ്ടാവൂ – വായില്‍ ഏറെ നേരം നില്‍ക്കുന്ന, ഒട്ടിപ്പിടിക്കുന്ന എന്തും വായയില്‍ അമ്ലത സൃഷ്ടിക്കുകയും ഇത് പല്ലില്‍ പോടുണ്ടാക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചശേഷം, വെള്ളം കൊണ്ട് വായ നന്നായി കുലുക്കുഴിഞ്ഞ് കഴുകണം. ഇങ്ങനെ ചെയ്താല്‍ പല്ലിലുണ്ടായ ആവരണം നീക്കം ചെയ്യപ്പെട്ടു കൊള്ളും.
  • മോണയില്‍ നിന്ന് രക്തം വരുന്നത് സാധാരണമാണ് – മോണയില്‍ നിന്ന് രക്തം വരുന്നത് പോഷകക്കുറവു കൊണ്ടോ പ്രമേഹം കൊണ്ടോ ആവാം. ഇതിനെ അവഗണിക്കരുത്. പെരിഡോന്റൈറ്റിസ് എന്ന മോണരോഗം പല്ല് നഷ്ടപ്പെടാന്‍ ഇടയാക്കും. ഹൃദ്രോഗവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
  • അണപ്പല്ല് എടുക്കുന്നത് കാഴ്ചശക്തിയെയും ഓര്‍മയെയും ബാധിക്കും – നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഉണ്ടായ മാറ്റം മൂലം താടിയെല്ലുകള്‍ ചെറുതായി. അതുകൊണ്ടു തന്നെ എല്ലാ പല്ലിനെയും ഉള്‍ക്കൊള്ളാന്‍ വായില്‍ സ്ഥലമില്ലാതായി. അതുകൊണ്ട് ചിലപ്പോള്‍ പല്ല് ചെരിഞ്ഞു വളരും. ഇത് അടുത്തിരിക്കുന്ന പല്ലിന് പ്രശ്നമാകും. ഇങ്ങനെ വന്നാല്‍ ഒരു ഡെന്റിസ്റ്റിന്റെ സഹായം തേടുകയും പല്ല് എടുക്കുകയും വേണം. ഇത് ഓര്‍മശക്തിയെയോ കാഴ്ചശക്തിയെയോ ബാധിക്കില്ല.
  • ആരോഗ്യമുള്ള പല്ലുകള്‍ക്കായി ഫ്ലൂറൈഡ് വാട്ടര്‍ കുടിക്കുക – പല്ലുകളെ ശക്തിപ്പെടുത്താനും പല്ലിന്റെ ഇനാമലുകളുടെ ആരോഗ്യത്തിനും ഫ്ലൂറൈഡ് വാട്ടര്‍ കുടിക്കുന്നതിലൂടെ സാധിക്കും. എന്നാല്‍ മിതമായ തോതിലേ ഫ്ലൂറൈഡ് ഉപയോഗിക്കാവൂ. മുതിര്‍ന്നവര്‍ക്ക് ഓരോ ടൂത്ത്പേസ്റ്റിനും 1000 ppm വരെയും ആറുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 500 ppmല്‍ താഴെയുമേ ആകാവൂ. ഫ്ലൂറൈഡിന്റെ അമിതോപയോഗം ഫ്ലൂറോസിനു കാരണമാകും.