Crime

ഒന്നര വയസുകാരെനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മാതാവും ആണ്‍സുഹൃത്തും പിടിയില്‍

ആലപ്പുഴയില്‍ ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയു​ടെ മാതാവും ആണ്‍സുഹൃത്തും പിടിയില്‍. ആലപ്പുഴ കുത്തിയതോട് ബിജുവിന്റെ ഭാര്യ ദീപ(വൃന്ദാംബാള്‍-36), കാമുകനായ കണിച്ചുകുളങ്ങര കൃഷ്ണകുമാര്‍ (33) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകളുമാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൃഷ്ണകുമാര്‍ മുമ്പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. പരസ്പരം സ്‌നേഹത്തിലായിരുന്ന പ്രതികള്‍ കുട്ടിയെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്നാണ് പോലീസ് കരുതുന്നത്. ബിജുവിന്റെയും ദീപയുടെയും കുട്ടിയാണ് മര്‍ദ്ദനത്തിന് ഇരയായത്.

കുട്ടിയുടെ കൈയ്യ് ഒടിയുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്തു. കുട്ടി ഇപ്പോഴും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ബിജുവും ദീപയും രണ്ടു മാസമായി പിണങ്ങി മാറി താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി ദീപ കൃഷ്ണകുമാറിനൊപ്പം താമസമായി. ദീപയുടെ അറിവോടെ കൃഷ്ണകുമാറാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും ഇടതുകൈ ചലിപ്പിക്കാനാകാത്ത നിലയിലും കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് അച്ഛന്‍ താമസിക്കുന്ന വീട്ടിലെത്തിച്ചത്. കുട്ടിയുടെ കരച്ചിലും കൈയില്‍ നീര് വെക്കുന്നതും ശ്രദ്ധയില്‍പെട്ടതോടെ രാത്രിയില്‍ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ചൂരല് കൊണ്ട് അടിയേറ്റ പാടുകളും ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുള്ളതായും കണ്ടത്.പിന്നാലെ ബിജു പോലീസില്‍ പരാതി നല്‍കുകയും കുട്ടിയെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തയാറാണെന്ന് വ്യക്തമാക്കി. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ സി.ഡബ്ല്യൂ.സി ഉത്തരവിന് വിധേയമായി കുട്ടിയുടെ ചികിത്സാ ചെലവും ശിശുക്ഷേമസമിതി വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.