Crime

സമുദായത്തിന്റെ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം; ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു

ഒഡിഷയില്‍ സമുദായ ആചാരങ്ങള്‍ക്കു വിരുദ്ധമായി വിവാഹം കഴിച്ച യുവ ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര സ്വദേശികളായ ദമ്പതികളാണ് ക്രൂരതയ്ക്ക് ഇരകളായത്.

പ്രണയത്തിലായിരുന്ന യുവാവും യുവതിയും അടുത്തിടെയാണ് വിവാഹിതരായത്. യുവതിയുടെ പിതൃസഹോദരിയുടെ മകനാണ് യുവാവെന്നതിനാല്‍ ഗ്രാമവാസികളില്‍ ഒരു വിഭാഗം വിവാഹത്തിന് എതിരായിരുന്നു.

ആചാരം അനുസരിച്ച് ഇത്തരമൊരു ബന്ധം നിഷിദ്ധമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ഇതുവക വയ്ക്കാതെ അവര്‍ വിവാഹിതരായി. ഇതോടെ ദമ്പതികളെ ശിക്ഷിക്കാന്‍ നാട്ടുകൂട്ടം തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരെയും നുകത്തില്‍ക്കെട്ടി നിലം ഉഴുവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.



നിലം ഉഴുന്നതിനിടെ രണ്ടു പേര്‍ ദമ്പതികളെ വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരസ്യമായ ഈ അപമാനത്തെത്തുടര്‍ന്നു ദമ്പതികളെ ഗ്രാമത്തിലെ ആരാധനാലയത്തിലേക്കു കൊണ്ടുപോയി ശുദ്ധീകരണ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലും റായഗഡയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതരജാതിയില്‍നിന്നു വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിലെ 40 പേരെ ശുദ്ധീകരണച്ചടങ്ങുകള്‍ക്ക് ശേഷം തലമുണ്ഡനം ചെയ്തുവെന്നായിരുന്നു പരാതി.