Lifestyle

ഒക്കിനാവക്കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം; കണ്ടുപഠിക്കേണ്ട ഒരു ജീവിത രീതി

വീട്ടിനുള്ളില്‍ ചടഞ്ഞു കൂടിയിരിക്കാന്‍ നമുക്ക് എപ്പോഴും ഇഷ്ടമാണ്. എന്നാല്‍ ഇത് നമുക്ക് തരുന്നത് അസുഖങ്ങളാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിത ശൈലി കൊണ്ടാണ് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു ജീവിത രീതിയാണ് ജപ്പാനിലെ ഒക്കിനാവ ദ്വീപ് നിവാസികളുടേത്. ജപ്പാനിലെ ഒക്കിനാവ ദ്വീപില്‍ രണ്ടാം ലോകമഹായുദ്ധത്തോടെ രണ്ടുലക്ഷത്തിലേറെപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇവിടം പഴയതു പോലെയല്ല. ലോകത്ത് ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ‘ബ്ലൂസോണുകളില്‍’ ഒന്ന് ഇവിടമാണ്.

എണ്‍പതും തൊണ്ണൂറുമൊക്കെ കടന്നവര്‍ ഇവിടെ ഇപ്പോഴും ചെറുപ്പമാണ്. ഇക്കിഗായിയില്‍ വിശ്വസിക്കുന്നവരാണ് ഒക്കിനാവക്കാര്‍. അതായത്, ഉഷാറായി ജീവിതത്തിലെ തിരക്കുകളിലും സന്തോഷത്തിലും ഇടം കണ്ടെത്തുന്നവര്‍. ഇവരുടെ ജീവിത രീതികളും വ്യത്യസ്തമാണ്. ഒട്ടും മടിയന്മാരല്ല ഇവര്‍ എന്നു വേണമെങ്കില്‍ പറയാം. വാഹനങ്ങള്‍ ഉപയോഗിക്കാതെ നടന്നുപോകുന്നതാണു ശീലം. പരിചയമില്ലാത്തവരോട് പോലും ഇവര്‍ വളരെ ഹൃദ്യമായാണ് പെരുമാറുന്നത്. പ്രായമുള്ളവരെ നമ്മള്‍ അവഗണിക്കുന്നത് പോലെ ഇവര്‍ ചെയ്യില്ല. എപ്പോഴും ഒരു കൂട്ടായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യ ഏകാന്തതയും ഇവിടെയില്ല. നാളെ എന്നതില്‍ നിന്ന് മാറി ഇന്ന് എന്താണ് എന്ന് ചിന്തിക്കുന്നവരാണ് ഇവര്‍.

ആഹാരകാര്യത്തിലും ഇവര്‍ക്ക് പ്രത്യേക ചിട്ടകളുണ്ട്. വാരിവലിച്ച് കഴിക്കുന്ന സ്വഭാവം ഇവിടെയുള്ളവര്‍. ചെറിയ പിഞ്ഞാണങ്ങളിലാണ് ഇവര്‍ ആഹാരം വിളമ്പുന്നത്. ആഹാരക്രമങ്ങളില്‍ ദിവസവും പഴങ്ങളും പച്ചക്കറികളും ഇവര്‍ ഉള്‍പ്പെടുത്തും. തീന്‍മേശയിലെ പലമയാണു മറ്റൊരു പ്രത്യേകത. 206 ഇനങ്ങളില്‍പ്പെട്ട ആഹാര പദാര്‍ഥങ്ങളാണിവിടെ ഉപയോഗിക്കുന്നത്. ദിവസവും കുറഞ്ഞതു 18 തരത്തിലുള്ള ഇനങ്ങള്‍ പതിവ്. കോശങ്ങളുടെ പ്രായം കൂട്ടുന്ന ഫ്രീ റാഡിക്കലുകള്‍ കുറവാണ് ഒക്കിനാവ ഡയറ്റില്‍.

പഞ്ചസാര ഇവിടെയുള്ളവര്‍ അടുപ്പിയ്ക്കാറേയില്ല. ഉപ്പും അധികം ഉപയോഗിക്കാറില്ല. മധുരക്കിഴങ്ങും സോയാ മില്‍ക്കില്‍ നിന്നുണ്ടാക്കുന്ന ടൊഫുവും പതിവായി കഴിക്കും. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ചൂര പോലുള്ള മീനും കറിയായി ആഹാരത്തില്‍ ഉള്‍പ്പെടുത്തും. നാരങ്ങ പോലുള്ള ഷികുവസയെന്ന മാന്ത്രികഫലം ആയുസ്സു കൂട്ടുന്നെന്നും ഒക്കിനാവക്കാര്‍ കരുതുന്നു. ഗ്രീന്‍ ടീ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ നല്ലതാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. ഒക്കിനാവക്കാര്‍ കുടിക്കുന്നത് മുല്ലപ്പൂക്കളും ഗ്രീന്‍ ടീയും ചേര്‍ന്ന സന്‍പിന്‍ ചായയാണ്. ഹൃദ്രോഗം ചെറുക്കാനും സമ്മര്‍ദം കുറയ്ക്കാനും ഉണര്‍വോടെയിരിക്കാനും ഇത് ഇവരെ സഹായിക്കുന്നു.