Crime

സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാംറാങ്കുകാരന്‍, 15,000 രൂപ കൈക്കൂലി വാങ്ങിയതിന്‌ അറസ്‌റ്റില്‍

ഭുവനേശ്വര്‍ (ഒഡീഷ): സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബംറയില്‍ തഹസില്‍ദാറായി സേവനമനുഷ്‌ഠിക്കുന്ന അശ്വിനി കുമാര്‍ പാണ്ഡെയെയാണ്‌ ഒഡീഷ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കൃഷിഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനായി പരാതിക്കാരനില്‍നിന്ന്‌ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്‌ അറിയിച്ചു.
പരാതിക്കാരന്‍ ഒരു മാസം മുമ്പ്‌ തഹസില്‍ദാരുടെ ഓഫീസില്‍ ഭൂമി പരിവര്‍ത്തനത്തിനായി അപേക്ഷിച്ചതായി വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
പരാതിക്കാരനു അനുകൂലമായി തരംമാറ്റം അനുവദിക്കുന്നതിനും അവകാശരേഖ നല്‍കുന്നതിനും പാണ്ഡെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രവലിയ തുക നല്‍കാന്‍ കഴിവില്ലെന്ന്‌ അറിയിച്ചപ്പോള്‍ തുക 15,000 രൂപയായി കുറയ്‌ക്കുകയും അല്ലെങ്കില്‍ മ്യൂട്ടേഷന്‍ കേസില്‍ തരംമാറ്റം അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി വിജിലന്‍സ്‌ പറയുന്നു.

ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ്‌ അധികൃതരെ സമീപിച്ചു. തുടര്‍ന്ന്‌ ഡ്രൈവര്‍ വഴി പരാതിക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വിജിലന്‍സ്‌ സംഘം ഓഫീസില്‍നിന്നു വളഞ്ഞിട്ട്‌ പിടികൂടുകയായിരുന്നു. കൈക്കൂലി തുക മുഴുവന്‍ കണ്ടെടുത്തതായി വിജിലന്‍സ്‌ പറഞ്ഞു.ഇതേസമയം തന്നെ പാണ്ഡെയുടെ കുടുംബം താമസിക്കുന്ന ഭുവനേശ്വറിലെ വസതിയിലും തഹസില്‍ദാറിന്റെ താമസസ്‌ഥലമായ പി.ഡബ്ല്യു.ഡി. ഐ.ബിയിലും ഒരേസമയം റെയ്‌ഡ്‌ നടത്തി.

പരിശോധനയ്‌ക്കിടെ, ഭുവനേശ്വറിലെ വസതിയില്‍നിന്ന്‌ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ 4,73,000 രൂപ പിടിച്ചെടുത്തു. അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിന്റെഡ്രൈവര്‍ പി. പ്രവീണ്‍ കുമാറിനെയും വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയായ പാണ്ഡെ (32) 2019 ലെ ഒഡീഷ സിവില്‍ സര്‍വീസസ്‌ പരീക്ഷയില്‍ ഒന്നാം സ്‌ഥാനം നേടിയ ആളാണ്‌. 2021 ഡിസംബറില്‍ ജൂനിയര്‍ ഒഡീഷ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ (ഒ.എ.എസ്‌) ഓഫീസര്‍മാര്‍ക്കുള്ള ഒരു തസ്‌തികയായ ട്രെയിനിങ്‌ റിസര്‍വ്‌ ഓഫീസര്‍ (ടി.ആര്‍.ഒ) ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. തഹസില്‍ദാറായി ബംറയിലേക്ക്‌ സ്‌ഥലം മാറ്റപ്പെടുന്നതിന്‌ മുമ്പ്‌, പാണ്ഡെ മയൂര്‍ഭഞ്ച്‌ ജില്ലയിലെ ശമഖുന്ത തഹസില്‍ദാറായി സേവനമനുഷ്‌ഠിച്ചിരുന്നു.