Good News

‘കട്ടുതിന്നാന്‍’ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സ്വിഗി ഒരുക്കുന്നു ‘ഇൻകോഗ്‌നിറ്റോ മോഡ്’!

അമ്മയുണ്ടാക്കി അടുക്കളയില്‍വച്ചിരിക്കുന്ന പലഹാരം അവരുടെ കണ്ണുവെട്ടിച്ച് കട്ടുതിന്ന ഓര്‍മ്മ ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനൊരു ത്രില്ലും സുഖവുമൊക്കെയുണ്ട്. അമ്മമാര്‍ അത് കണ്ണടച്ച് അനുവദിക്കുകയും ചെയ്യും. എന്നാല്‍ കാലം മാറിയപ്പോള്‍ അടുക്കളയില്‍ പാചകം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തി സൗകര്യപൂര്‍വ്വം ആസ്വദിച്ചു കഴിക്കുന്നു.

കട്ടുതിന്നല്‍ അല്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നും മറ്റാരും കാണാതെ ചില ഭക്ഷണ വിഭവങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് കഴിക്കാന്‍ നിങ്ങളും ആഗ്രഹിക്കാറില്ല?. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്കായി സ്വിഗി സൗകര്യമൊരുക്കുന്നു ‘ ഇന്‍കോഗ്‌നിറ്റോ മോഡലില്‍’ ആദ്യമായി സാധാനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഇന്ത്യയില്‍ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റല്‍ സേവനങ്ങളില്‍ സ്വകാര്യത കൊണ്ടുവരാനാണ് കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

swiggy food, instamart എന്നിവയില്‍ ഈ സൗകര്യം ലഭ്യമാണ്. ഇന്‍കോഗ്‌നിറ്റോ മോഡലിലൂടെ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് സ്വകാര്യമായി സൂക്ഷിക്കാനും സാധിക്കും. swiggy instamart ലെ വ്യക്തിഗത ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍കോഗ്‌നിറ്റോ മോഡ് വളരെ അനുയോജ്യമാണെന്ന് swiggy വ്യക്തമാക്കുന്നു.

ഓര്‍ഡറുകള്‍ സ്വകാര്യമായി ചെയ്യാമെന്ന് മാത്രമല്ല മറ്റുള്ളവര്‍ കാണില്ലെന്ന് ഉറപ്പ് വരുത്താനും സഹായിക്കും. പുറത്ത് നിന്ന് വാങ്ങാന്‍ മടിയുള്ള വസ്തുക്കള്‍ ഇന്‍കോഗ്‌നിറ്റോ മോഡില്‍ വാങ്ങാന്‍ കഴിയുന്നു. അത് പല സാധനങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് സ്വിഗി കണക്കാക്കുന്നു.

ഇതിന് പുറമേ വീട്ടിലെ ആരുടെയെങ്കിലും ജന്മദിനാഘോഷ പാര്‍ട്ടി ഒരുക്കുന്നതിനായുള്ള സാധനങ്ങള്‍ രഹസ്യമായി ഓര്‍ഡര്‍ ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഇത് സഹായകമാണ്. ഇനി വീട്ടുകാരെ സര്‍പ്രൈസ് പാര്‍ട്ടി നല്‍കി ഞെട്ടിക്കാം. നിലവില്‍ 10 ശതമാനം സ്വിഗ്ഗി ഉപയോക്തക്കള്‍ക്കും ലഭ്യമായ ഈ സേവനം താമസിയാതെ എല്ലാവര്‍ക്കും ലഭിചചു തുടങ്ങും.