കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യു.ഡി.എഫിന്റെ പൊതു മാനദണ്ഡമായ ജയസാധ്യത പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണു സംസ്ഥാന ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ കഴിയാത്ത നിര്‍ദേശങ്ങളുമാണു ബജറ്റിലുള്ളത്.
നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനു ഫണ്ട് കണ്ടെത്താന്‍ ഉതകുന്ന പ്രായോഗിക നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നും ജോസഫ് പറഞ്ഞു.
അവശ്യമായ കൂടിയാലോചനകള്‍ നടത്തി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു യോഗം ഏകകണ്ഠമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.പിമാരായ പി.സി. തോമസ്, ജോയി ഏബ്രഹാം, മുന്‍ മന്ത്രി ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തോമസ് ഉണ്ണിയാടന്‍, അപു ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




