ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 6 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ആകാശ് ദീപും ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത യശസ്വി ജെയ്സ്വാളാണ് എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്. കെ.എല്‍. രാഹുല്‍ (28) , കരുണ്‍ നായര്‍ (7) എന്നിവരാണ് ക്രീസില്‍.
234 പന്തുകളില്‍ 158 റണ്‍സ് നേടിയ ഹാരി ബ്രൂക്കും 207 ബോളില്‍ 187 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന ജെയ്മി സ്മിത്തുമാണ് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ തകര്‍ച്ചയ്ക്ക് തടയിട്ടത്. ഇംഗ്ലണ്ടിന്റെ അവസാനത്തെ മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി. 407 റണ്‍സിനു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനു തിരശീല വീണു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമാകാതെ 32 റണ്‍സ് എടുത്തിട്ടുണ്ട്. ആകെ ലീഡ് 212 റണ്‍സാണ്.
നേരത്തെ മൂന്നാം ദിവസം ജോ റൂട്ട് (46 പന്തില്‍ 22), ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (പൂജ്യം) എന്നിവരെ ആദ്യം ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ 22ാം ഓവറിലെ മൂന്നാം പന്തില്‍ റൂട്ടിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈയ്യിലൊതുക്കി. തൊട്ടടുത്ത പന്തില്‍ ബെന്‍ സ്‌റ്റോക്‌സിനെയും ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 20 ഓവറില്‍ മൂന്നിന് 77 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായെത്തിയ പേസര്‍ ആകാശ്ദീപിന്റെ പ്രകടനമാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കു പ്രതീക്ഷയായത്. മൂന്നാം ഓവറിലെ നാല്, അഞ്ച് പന്തുകളില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ ആകാശ് ദീപ് പുറത്താക്കി. 30 പന്തില്‍ 19 റണ്‍സെടുത്ത സാക് ക്രൗലിയെ മുഹമ്മദ് സിറാജ് കരുണ്‍ നായരുടെ കൈകളിലെത്തിച്ചു.
ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനില്‍പാണ് രണ്ടാം ദിനം വലിയ തകര്‍ച്ചയില്‍നിന്നു ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സെടുത്തു പുറത്തായി. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇന്നിങ്‌സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സെടുത്തു പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബര്‍മിങ്ങാമില്‍ ഗില്‍ നേടിയത്. 311 പന്തുകളില്‍നിന്നാണ് ഗില്‍ 200 റണ്‍സ് പിന്നിട്ടത്.
137 പന്തുകള്‍ നേരിട്ട ജഡേജ 89 റണ്‍സെടുത്തു പുറത്തായി. 108ാം ഓവറില്‍ ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്. വാലറ്റത്ത് 103 പന്തില്‍ 42 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും രണ്ടാം ദിവസം തിളങ്ങി. ആദ്യ ദിനം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചറി (107 പന്തില്‍ 87) നേടി പുറത്തായിരുന്നു.




