കമ്പ്യൂട്ടറിലും മൊബൈലിലും മാത്രം എഴുതുന്ന പുതിയ തലമുറയ്ക്ക് പേന എന്നത് സാധാരണമായ ഒരു വസ്തുവായി തോന്നാമെങ്കിലും, മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും ശക്തമായ ഉപകരണങ്ങളിൽ ഒന്നാണ് പേന. ചരിത്രപരമായ ഉടമ്പടികളിൽ ഒപ്പിടുന്നതു മുതൽ സ്കൂളിൽ നോട്ടും പരീക്ഷയും എഴുതാനും, ആശയങ്ങൾ രേഖപ്പെടുത്താനും, വികാരങ്ങൾ കുറിച്ചുവെക്കാനുംവരെ നിരവധി രീതിയിൽ ഇത് മനുഷ്യരാശിയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പേനയ്ക്ക് 17 കോടിയേക്കാള്‍ വില എന്നത് വിശ്വസിക്കുമോ?
എന്തുകൊണ്ട് ഈ പേന ലോകത്തിലെ ഏറ്റവും വിലയേറിയതായി?
പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതോ ശുദ്ധമായ സ്വർണ്ണം കൊണ്ട് നിർമ്മിച്ചതോ ആകട്ടെ, ഏതാനും വരകളിലൂടെ മാറ്റത്തിന് തുടക്കമിടാൻ ഒരു പേനക്ക് കഴിയും. മിക്ക പേനകളും ഉപയോഗപ്രദമാക്കാൻ വേണ്ടിയാണ് നിർമ്മിക്കുന്നതെങ്കിലും, ചില പേനകൾ അതിലുപരിയായി ആഢംബരം, പാരമ്പര്യം, പ്രൗഢി എന്നിവയെ സൂചിപ്പിക്കാൻ വേണ്ടി നിർമ്മിക്കപ്പെടുന്നു .
ആരാണ് ഈ ആഢംബര പേന നിർമ്മിക്കുന്നത്?
ലോകത്തിലെ ഏറ്റവും ആഢംബര പേനകൾ നിർമ്മിക്കുന്ന കമ്പനികളിൽ ഏറ്റവും പ്രമുഖമാണ് മോണ്ട്ബ്ലാങ്ക് (Montblanc). 1906-ൽ സ്ഥാപിതമായ ഈ ജർമ്മൻ ബ്രാൻഡ് ലോകമെമ്പാടും ഒരു അതിർത്തിരേഖയായി അതിന്റെ പേര് സ്ഥാപിച്ചു കഴിഞ്ഞു. വിവിധ ലോക നേതാക്കന്മാർ, ശതകോടീശ്വരന്മാർ, ബിസിനസ് പ്രമുഖർ, മറ്റ് പ്രശസ്തരായ കലാകാരന്മാർ എന്നിവർ ഇത് ഉപയോഗിക്കുന്നു. മോണ്ട്ബ്ലാങ്കിന്റെ മേധാവിത്വം അതിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറമാണ്; അതിന് കാരണം അതിന്റെ ശ്രദ്ധേയമായ കരകൗശല വൈദഗ്ധ്യമാണ്. ഇതിന്റെ നിബ് നിർമ്മിച്ചിരിക്കുന്നത് സ്വര്‍ണംകൊണ്ടാണ്. പേനയുടെ ബോഡിയില്‍ വജ്രങ്ങളും നീലക്കല്ലുകളും പതിച്ചിരിക്കുന്നു.
മോണ്ട്ബ്ലാങ്ക് പേനകൾ യന്ത്രങ്ങൾ ഉപയോഗിച്ചല്ല നിർമ്മിക്കുന്നത്, മറിച്ച് കൈകൊണ്ട് മാത്രമാണ് നിർമ്മിക്കപ്പെടുന്നത്. ഓരോ പേനയും നിരവധി ഘട്ടങ്ങളുള്ള വിശദമായ ജോലികളിലൂടെയാണ് നിർമ്മിക്കുന്നത്, ഓരോ ഘട്ടവും മാസ്റ്റർ കരകൗശല വിദഗ്ദ്ധർ പൂർണ്ണതയിലെത്തിക്കുന്നു. ലോകത്ത് ഇവയുടെ പരിമിതമായ പതിപ്പുകൾ വിരലിലെണ്ണാവുന്നവ മാത്രമേ കാണപ്പെടുന്നുള്ളൂ എന്നതിന്റെ ഒരു കാരണം ഇതാണ്. ഇവയുടെ പല ലിമിറ്റഡ് എഡിഷനുകളുടെയും വില കോടികൾക്ക് മുകളിലാണ്.




