കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. 2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.
നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്നാണ് സഹദ് ഫേസ്ബുക്കിൽ കുറിച്ചത്. വനിതാ നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറഞ്ഞു.




