ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിനുള്ളിൽ വെച്ച് കടുത്ത വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2025 ഡിസംബർ 18 വ്യാഴാഴ്ച രാത്രി തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളി-ആലർ റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പാർവ്വതിപുരം മന്യം ജില്ലയിലെ ഗരുഗുബില്ലി മണ്ഡലത്തിലെ രാവുപ്പള്ളി സ്വദേശികളായ കൊരാട സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിരുന്നുള്ളൂ. റെയിൽവേ പോലീസിന്റെ റിപ്പോർട്ട് പ്രകാരം, സെക്കന്ദരാബാദിൽ നിന്ന് മച്ചിലിപട്ടണം എക്സ്പ്രസിൽ കയറിയ ദമ്പതികൾ വിജയവാഡയിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ പോകുകയായിരുന്നു.
അപകടമെന്ന് പ്രാഥമിക നിഗമനം
ട്രെയിൻ വംഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ കോച്ചിന്റെ വാതിലിന് സമീപം നിന്നിരുന്ന ദമ്പതികൾ അബദ്ധത്തിൽ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ട്രാക്ക് പരിശോധനയ്ക്കിടെ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വൈറലായ വീഡിയോ
എന്നാൽ, ട്രെയിനിനുള്ളിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവന്നതോടെ കേസിലെ ദുരൂഹത വർദ്ധിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇരുവരും പരസ്പരം ബലപ്രയോഗം നടത്തുന്നതും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോയുടെ ആധികാരികതയും അത് ചിത്രീകരിച്ച സമയവും പോലീസ് പരിശോധിച്ചുവരികയാണ്.
വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് ദമ്പതികൾ എടുത്തുചാടി ആത്മഹത്യ ചെയ്തതാകാമെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദിലെ ഒരു കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സിംഹാചലം ഭാര്യയോടൊപ്പം ജഗദ്‌ഗിരിഗുട്ടയിലാണ് താമസിച്ചിരുന്നത്. റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.




