നാടിനെ നടുക്കിയ നവജാതശിശുക്കളെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.
മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്.
പോലീസും ഫോറന്‍സിക് സംഘവും ചേര്‍ന്നായിരുന്നു പരിശോധന. മുഖ്യപ്രതിയായ അനീഷയുടെ വീട്ടിലാണ് രാവിലെ പരിശോധന നടത്തിയത്. ഇവിടെ പറമ്പില്‍ കുഴിച്ചിട്ട ആദ്യത്തെ കുട്ടിയുടെ അസ്‌ഥികള്‍ കണ്ടെത്തി. ഉച്ചയോടെ രണ്ടാം പ്രതിയായ ഭവിന്റെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍നിന്ന് രണ്ടാമത്തെ കുട്ടിയുടെ അസ്‌ഥികളും കണ്ടെത്തി.
നടപടിക്രമങ്ങളുടെ ഭാഗമായി ശരീരഭാഗങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിന് അയയ്‌ക്കുമെന്നും കണ്ടെടുത്ത അസ്‌ഥികള്‍ മരിച്ച കുട്ടികളുടേത് തന്നെയെന്ന് സ്‌ഥിരീകരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ശേഖരിച്ച സാമ്പിളുകള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്അയയ്‌ക്കുമെന്നും ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെ നടത്തുമെന്നും ഡിവൈ.എസ്.പി. ബിജുകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ ഈ രണ്ടു പ്രതികളല്ലാതെ കൂടുതല്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് അറിവില്ല. അനീഷ രണ്ടുതവണ ഗര്‍ഭിണിയായതും പ്രസവിച്ചതും നവജാതശിശുക്കളെ കുഴിച്ചുമൂടിയതും ആരും അറിഞ്ഞില്ലെന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതുസംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും പോലീസ് പറയുന്നു. 2024-ലാണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് കുട്ടിയുടെ ഫോട്ടോ അനീഷ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു.




