ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം.
നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. വിമാനം താഴേക്കു പതിച്ച് പുക ഉയരുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അലമുറയിടുന്നതു വീഡിയോയില്‍ കാണാം. പൊടുന്നനെ, തീപിടിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു ഗേറ്റിനരികിലൂടെ വിശ്വാസ് കുമാര്‍ പുറത്തേക്കുവരുന്നതു കാണാം.
അപകടത്തില്‍ മരിച്ച 241 പേരില്‍ 99 പേരെ ഇതുവരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 64 മൃതദേഹങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കു കൈമാറി. ഗുജറാത്തില്‍നിന്നും രാജസ്ഥാനില്‍നിന്നുമുള്ളവരാണ് തിരിച്ചറിഞ്ഞവരില്‍ ഏറെയും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി അധികൃതര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്കു കൈമാറി. രാജ്‌കോട്ടിലെ രാംനാഥ്പര ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി.
അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി ഇന്നലെ യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ അധ്യക്ഷനായ പാനല്‍, വിമാനാപകടത്തിന്റെ സാധ്യമായ കാരണങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ തടയുന്നതിനുള്ള ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍’ തയാറാക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തകര്‍ച്ചയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.




