ഹൈദരാബാദ്: 38 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴിലധികം പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഏഴാമത്തെ ഇരയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടികൂടപ്പെട്ടത്. 1985 മുതല്‍ കൊലപാതകങ്ങള്‍ നടത്തിവന്ന കിഷ്ടയ്യ എന്നയാളാണ് അറസ്റ്റിലായത്. കൊള്ളയടിക്കാന്‍ വേണ്ടി കൊലപാതകം നടത്തിയിരുന്ന ഇയാള്‍ ഇരയാക്കിയിരുന്നത് സ്ത്രീകളെയായിരുന്നു.1000 രൂപയ്ക്ക് വരെ ഇയാള്‍ കൊലപാതകം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
ഒരു കൊലപാതകക്കേസില്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്ന കിഷ്ടയ്യയെ തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ സെപ്തംബറില്‍ വെറുതേ വിട്ടിരുന്നു. നവംബര്‍ 29 ന് സര്വാഭി എന്ന യുവതിയെ കാണാതായ കേസിലാണ് പോലീസ് കിഷ്ടയ്യയെ സംശയിക്കാന്‍ തുടങ്ങിയത്. സര്വാഭിയുടെ ഭര്‍ത്താവ് നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ശാന്തിമഹല്‍ എക്സ് റോഡില്‍ ഇര നില്‍ക്കുന്നതായും പിന്നീട് കിഷ്ടപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും കണ്ടു. പിന്നീട് ഇരുവരും ഒരുമിച്ച് ഇന്ദിരാ ചൗക്കിലേക്ക് പോകുന്നതും കണ്ടു. തുടര്‍ന്ന് കിഷ്ടയ്യയെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യംചെയ്യലില്‍ സര്വാഭിയെ ബസില്‍ തട്ടേപ്പള്ളിയിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്നും ഇരുവരും കാട്ടിലേക്ക് കയറിയെന്നും അവിടെ വെച്ച് സര്വാഭിയുടെ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതായും കിഷ്ടയ്യ സമ്മതിച്ചു. വെള്ളി പാദസരത്തിനും 1000 രൂപയ്ക്കും ഒരു മൊബൈല്‍ ഫോണിനും വേണ്ടിയായിരുന്നു കൊലപാതകം. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ താന്‍ ആറുപേരെ കൂടി കൊലപ്പെടുത്തിയിരുന്നതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. കൂലിവേല ചെയ്തിരുന്ന ഒരു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ച് 21 ന് കിഷ്ടയ്യയെ വികരബാദ് പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു.
ജോലിനല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോകുകയും പകുതി വഴിയില്‍ യുവതിക്ക് മദ്യം നല്‍കുകയും ഒരു മാന്തോപ്പിലേക്ക് വിളിച്ച് അവിടെ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വിലപ്പെട്ട വസ്തുക്കള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു. എന്നാല്‍ ഈ കേസില്‍ തെളിവില്ലായിരുന്നതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു.കൂലിപ്പണിക്കാരനായ കിഷ്ടയ്യ സീരിയല്‍ കില്ലറാണെന്നും ചെറിയ നേട്ടങ്ങള്ക്കായിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ഇയാള്‍ ഒരാളെ കൊലപ്പെടുത്തിയത് 1500 രൂപയ്ക്ക് വേണ്ടിയായിരുന്നു. 1985 മുതല്‍ ആറ് കൊലപാതകങ്ങള്‍ ഇയാള്‍ നടത്തി. മൂന്ന് കേസുകള്‍ വികാരാബാദ്, യലാല, ധാരൂര്‍, താണ്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സമീപ ജില്ലകളില്‍ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായിട്ട് പോലീസ് സംശയിക്കുന്നുണ്ട്.