Crime

16കാരി മകളെ കാണാനില്ലെന്ന് 46 കാരന്റെ പരാതി ; കണ്ടെത്തിയപ്പോള്‍ പിതാവിനെതിരേ പോക്‌സോകേസായി

പതിനാറുകാരിയായ മകളെ കാണാനില്ലെന്ന പരാതി നല്‍കിയ 46കാരനെ, മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ മുംബൈയിലെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് പോലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി, ഉച്ചയോടെ അവര്‍ അവളെ മഹാലക്ഷ്മി സ്റ്റേഷനില്‍ കണ്ടെത്തി. എന്തിനാണ് വീടുവിട്ടുപോയതെന്ന പോലീസിന്റെ ചോദ്യത്തിന് പിതാവ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനാല്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ബലാത്സംഗശ്രമം എതിര്‍ത്തപ്പോള്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഭയം കൊണ്ടാണ് തന്റെ കുടുംബത്തില്‍ നടക്കുന്ന ലൈംഗികാതിക്രമം ആരെയും അറിയിക്കാതിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. താനെയില്‍ താമസിച്ചിരുന്ന 20കാരനുമായി ബന്ധം സ്ഥാപിക്കുകയും ഇരുവരും നല്ല സുഹൃത്തുക്കളാകുകയും ചെയ്തതോടെ ബലാത്സംഗത്തെ കുറിച്ച് അവള്‍ അവനോട് പറഞ്ഞു. എന്നാല്‍ സുഹൃത്ത് വിശ്വസിക്കാന്‍ വിസമ്മതിച്ചപ്പോള്‍, പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ അവള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി.

പിതാവിന്റെ ലൈംഗികാതിക്രമം തടയാന്‍ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങി സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായി യുവതി പോലീസിനോട് പറഞ്ഞു. അവളുടെ സുഹൃത്ത് അവളെ മഹാലക്ഷ്മി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടാക്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ അവളെ പ്രേരിപ്പിച്ചു. ഈ ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ കണ്ടെത്തിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കണ്ടെത്തി ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി ഭാര്യ, 21 വയസ്സുള്ള മകന്‍, മകള്‍ എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തോട്ടക്കാരനായും മകന്‍ സ്വകാര്യ സ്ഥാപനത്തിലുമാണ് ജോലി ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.