Sports

ഈ ഐപിഎല്‍ സീസണോടെ ധോണി വിരമിക്കുമോ? സഹതാരം എബി ഡിവിലിയേഴ്‌സ് പറയുന്നു

ന്യൂഡെല്‍ഹി: മാര്‍ച്ച് അവസാനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ പുതിയ ഐപിഎല്‍ സീസണിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കളത്തിലിറങ്ങുമ്പോള്‍ ഉയരുന്ന മില്യണ്‍ ഡോളര്‍ ചോദ്യം ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമോ ഇത് എന്നാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അവരുടെ അഞ്ചാം കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയുടെ നേതൃത്വവും അനുഭവസമ്പത്തും ടീമിന് അമൂല്യമായ സമ്പത്തായിരുന്നു. പുതിയ സീസണിലും ആരാധകര്‍ സ്വപ്‌നം കാണുകയാണ്.

ഐപിഎല്‍ മഹത്വത്തിലേക്ക് മറ്റൊരു ഷോട്ടിലേക്ക് സിഎസ്‌കെയെ നയിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ എല്ലാ കണ്ണുകളും ധോണിയിലാണ്. ഈ സീസണിനപ്പുറമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ധോണി പക്ഷേ ശ്രദ്ധ വെച്ചിരിക്കുന്നത് മുഴുവന്‍ തന്റെ ദൗത്യത്തിലാണ്. തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ധോണി നീങ്ങുന്നത്. അതേസമയം ധോണി ഈ സീസണ് ശേഷം വിരമിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നത് മുന്‍ സഹതാരം കൂടിയായ എബി ഡിവിലിയേഴ്‌സാണ്.

ധോണിയുടെ ടീം ഒരിക്കല്‍ കൂടി ടൂര്‍ണമെന്റില്‍ ടൈറ്റില്‍ ഫേവറിറ്റുകളായി ഇറങ്ങുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ”കഴിഞ്ഞ വര്‍ഷം എംഎസ് ധോണി കളി അവസാനിപ്പിക്കുമെന്ന രീതിയില്‍ ധാരാളം കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അയാള്‍ വീണ്ടും വന്നു. ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമോ? ഇല്ല ആര്‍ക്കും അറിയില്ല. അയാള്‍ ഒരിക്കലും തീരാത്ത ഈ ഡീസല്‍ എഞ്ചിന്‍ ആണെന്ന് തോന്നുന്നു. അയാള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. എന്തൊരു അവിശ്വസനീയമായ കളിക്കാരനും ക്യാപ്റ്റനുമാണ് അയാള്‍ ”ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.