Sports

ഊര്‍ജ്ജം ഇനിയും ബാക്കി ; ധോണി അങ്ങിനെ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ പ്‌ളേ ഓഫിന് തൊട്ടുമുമ്പ് ഇടറി വീണെങ്കിലും തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സൂപ്പര്‍താരം എംഎസ് ധോണി ഉടന്‍ എങ്ങും പോകുന്നില്ല… റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയഭേദകമായ തോല്‍വിയില്‍ ഡ്രസിംഗ് റൂമില്‍ ധോണി ആര്‍ക്കും ഹസ്തദാനം നല്‍കാതെയുള്ള മടക്കം അദ്ദേഹത്തിന്റെ ഐപിഎല്ലില്‍ നിന്നുള്ള മടക്കമായിട്ടാണ് അനേകര്‍ കരുതിയത്. എന്നാല്‍ താന്‍ വിരമിക്കുന്നതായോ അത്തരമൊരു കാര്യം ആലോചിക്കുന്നതായോ ധോണി വെളിപ്പെടുത്തിയിട്ടില്ല.

കളി കഴിഞ്ഞുള്ള ധോണിയുടെ പുറത്തുവന്ന ആദ്യ ഫോട്ടോ ബെംഗളുരുവില്‍ നിന്ന് റാഞ്ചിയിലേക്ക് പോകാനൊരുങ്ങുന്നതായിരുന്നു. മുന്‍ സിഎസ്‌കെ ക്യാപ്റ്റന്‍ പിന്നീട് ജന്മനാട്ടില്‍ വന്നിറങ്ങിയത് വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ധോണി തന്റെ വിരമിക്കല്‍ പദ്ധതികള്‍ ഇതുവരെ സിഎസ്‌കെ മാനേജ്മെന്റിനെ അറിയിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും മറ്റും പുറത്തുവിടുന്നത്.

ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം ആവശ്യമാണെന്ന് നിരൂപകരും വിശ്വസിക്കുന്നു. ഇത്തവണ ധോണി തന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ഏറ്റവും താഴ്ത്തിയത് ശാരീരകക്ഷമതയുടെ കാര്യത്തിലുള്ള പ്രതിസന്ധിയായി കരുതിയിരുന്നു. എന്നാല്‍ തുടയ്ക്ക് ഏറ്റ പരിക്കാണ് താരത്തെ താഴ്ന്ന് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. നിശ്ചിത എണ്ണം ഡെലിവറികള്‍ മാത്രം ബാക്കിയുള്ള സമയത്ത് ക്രീസിലെത്തി ബൗണ്ടറികള്‍ നേടി സ്‌കോര്‍ ഉയര്‍ത്തുന്നതിന് താരം ചെയ്ത തന്ത്രമായിരുന്നു ബാറ്റിംഗ് ഓര്‍ഡറില്‍ താഴേയ്ക്കുള്ള പോക്ക്. അതേസമയം താരത്തിന് വിക്കറ്റിന് ഇടയില്‍ ഓടുന്നതിനോ വിക്കറ്റ് കീപ്പിംഗിലോ ബാറ്റിങ്ങിലോ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.