കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച 7 വയസ്സുകാരന്‍ മകന് മോര്‍ഫിന്‍ കുത്തിവെയ്പ്പിലൂടെ ദയാവധം നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു അമ്മ. അന്തോണിയ കൂപ്പര്‍ എന്ന 73 കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.43 വര്‍ഷത്തിന് മുന്‍പ് നടന്ന ദയവധത്തിനെ പറ്റി ബിബിസി റേഡിയോ ഓക്സ്ഫഡിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.
അഞ്ചാം വയസ്സിലായിരുന്ന മകന്‍ ഹാമിഷിന് അപൂര്‍വ കാന്‍സാറായ ന്യൂറോബ്ലാസ്റ്റോമ നിര്‍ണയിക്കുന്നത്. നാലാം ഘട്ടമായതിനാല്‍ കുട്ടിക്ക് മൂന്ന് മാസം കൂടി മാത്രമേ ആയുസ്സുള്ളുവെന്ന് ഡോക്ടര്‍ ആദ്യം വിധിയെഴുതി. 16 മാസത്തെ ചികിത്സയില്‍ ആയുസ്സ് നീട്ടി കിട്ടിയെങ്കിലും വേദനയിലൂടെയാണ് കുട്ടി കടന്നുപോയതെന്ന് അന്തോണിയ പറഞ്ഞു. മകന്റെ അവസ്ഥയില്‍ മനംനൊന്ത് സഹതാപം തോന്നിയ അമ്മ ഹിക്മാന്‍ കത്തീറ്ററിലൂടെ ഉയര്‍ന്ന അളവില്‍ മോര്‍ഫിന്‍ നല്‍കി ദയാവധത്തിന് വിട്ടു നല്‍കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
മകന് വേണ്ടി താന്‍ ചെയ്തതാണ് ശരിയെന്ന് അന്താണിയ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിന്റെ പേരിലുള്ള എന്ത് തരത്തിലുള്ള നിയമനടപടിയും നേരിടുമെന്നും അവര്‍ പറഞ്ഞു. പുതിയ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറും മുന്‍ പ്രധാനമന്ത്രി ഋഷി സുനകും ദയാവധം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.