മുംബൈ: ലോകകപ്പ് ഫുട് ബോളില്‍ ഇറ്റലി എന്ന് കേട്ടാല്‍ എതിരാളികളുടെ മുട്ട് ഒന്ന് ഇടിക്കും!. കാരണം നാലു തവണ കിരീടം ഉയര്‍ത്തുകയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പുമായ ഇറ്റലി ലോക ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്‌ട ടീമാണ്.
എന്നാല്‍ ക്രിക്കറ്റില്‍ ഇറ്റിലിയെന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കുഞ്ഞന്‍ ടീമായിട്ടാണ് കാണുന്നത്. എന്നാല്‍ ആ ധാരണ വേണ്ട എന്ന് അസൂറിയന്‍ പട ഇന്നലെ നേപ്പാളുമായി നടന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ തെളിയിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു കീഴടങ്ങിയ നേപ്പാളിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക വിജയം നേടിയാണ് ഇറ്റലി ട്വന്റി-20 ലോകകപ്പില്‍ ആദ്യവിജയം സ്വന്തമാക്കിയത്.
19.3 ഓവറില്‍ 123 നേടിയ നേപ്പാള്‍ ഇറ്റലിയുടെ മുന്നില്‍ സാമാന്യം ഭേദപ്പെട്ട സ്‌കോറാണുയര്‍ത്തിയത്. എന്നാല്‍ 12.4 ഓവറില്‍ ജസ്‌റ്റിന്‍ മോസ്‌ക (60), ആന്റണി മോസ്‌ക (62) എന്നീ സഹോദരന്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇറ്റലി വിജയതീരമണിഞ്ഞു. നേപ്പാളിന്റെ ബൗളര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഓപ്പണിങ് വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചില്ല.
നേരത്തെ ബാറ്റ് ചെയ്‌ത നേപ്പാളിനെ ഇറ്റാലിയന്‍ ബോളര്‍മാര്‍ വരിഞ്ഞു മുറുക്കി. നേപ്പാളിനുവേണ്ടി ആസിഫ് ഷെയ്‌ഖ് (20), രോഹിത് പൗഡേല്‍ (23), അരീഫ് ഷെയ്‌ഖ് (27) കരണ്‍ കെ.സി (18) എന്നിവര്‍ പൊരുതി നോക്കി.




