മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും.
സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
എന്തോ അശുഭകരമായത് സംഭവിക്കാന്‍ പോകുന്നു എന്ന് മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ നഗരത്തിന്റെ പല ഭാഗത്തുമായി ആകാശത്ത് നടന്ന വലിയ നീലപ്രകാശ സ്‌ഫോടനമാണ് ക്യാമറയില്‍ പതിഞ്ഞത്. വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അശുഭസൂചകമായി ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ അവശേഷിക്കുമ്പോള്‍ ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
തുര്‍ക്കി ഭൂകമ്പത്തിന് മുമ്പും സമാനമായ ലൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ആദ്യം തുര്‍ക്കിയില്‍ 45,000 പേരുടെ ജീവന്‍ അപഹരിച്ച വിനാശകരമായ ഭൂകമ്പത്തിന് മുമ്പ് മറ്റ് സുരക്ഷാ ക്യാമറകളിലും ഈ തിളങ്ങുന്ന ഫ്‌ലാഷുകള്‍ പതിഞ്ഞിരുന്നു. അതേസമയം ഈ ഫ്‌ളാഷുകള്‍ ടെക്‌റ്റോണിക് മര്‍ദ്ദം, സമീപത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം തന്നെ ഭൂകമ്പ ലൈറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഈ സംഭവങ്ങള്‍ പലപ്പോഴും ഭൂകമ്പ പ്രവര്‍ത്തനവുമായോ ആകാശ പ്രതിഭാസങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. 1965 ല്‍ ജപ്പാനിലെ ഭൂകമ്പത്തിനിടെയാണ് ഇത് ആദ്യം ശ്രദ്ധിക്കപ്പെട്ടതും ക്യാമറയില്‍ പകര്‍ത്തപ്പെട്ടതും. 2008-ല്‍ ചൈനയിലും 2009-ല്‍ ഇറ്റലിയിലും 2017-ല്‍ മെക്‌സിക്കോയിലും പ്രതിഭാസങ്ങള്‍ ആവര്‍ത്തിച്ചു.